കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്‍റെ ഭാര്യ പ്രീയാ വര്‍ഗ്ഗീസിന് കണ്ണൂര്‍ സര്‍വ്വകലാശാല അസോസിയേറ്റ് പ്രഫസര്‍ തസ്തികയില്‍ നിയമനം നല്‍കിയതില്‍ ഹൈക്കോടതി അയോഗ്യത കല്‍പ്പിച്ചതിന് പിന്നാലെ, കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ അടുത്ത കാലത്ത് നടന്ന നിയമനങ്ങളില്‍ കൂടുതല്‍ ആരോപണങ്ങള്‍ ഉയര്‍ന്നു. കണ്ണൂർ സർവകലാശാലയിൽ കൊവിഡിന്‍റെ മറവിൽ ഓൺലൈൻ വഴി നടത്തിയിട്ടുള്ള മുഴുവൻ നിയമനങ്ങളും പുനപരിശോധിക്കുവാൻ സർവകലാശാല തയ്യാറാവണമെന്ന് ആവശ്യപ്പെട്ട് സർവകലാശാല സെനറ്റ് അംഗം ഡോ ആർ കെ ബിജു രംഗത്തെത്തി. ഇല്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇതോടെ കണ്ണൂര്‍ സര്‍വകലാശാലയിലെ നിയമനങ്ങില്‍ കൂടുതലും അനധികൃത നിയമനങ്ങളാണെന്ന സംശയം ബലപ്പെട്ടു. പ്രീയ വര്‍ഗ്ഗീസിന് അസോസിയേറ്റ് പ്രൊഫസർ നിയമനത്തിനുള്ള റാങ്ക് ലിസ്റ്റിൽ ഒന്നാം റാങ്ക് നൽകിയതും അതിനുള്ള നടപടികൾ റെക്കോർഡ് വേഗത്തിൽ പൂർത്തീകരിച്ചതും വി സി പുനർനിയമനത്തിനുള്ള പ്രത്യുപകാരമാണെന്നും ബിജു ആരോപിച്ചിരുന്നു. 2021 സെപ്റ്റംബറിൽ ബോർഡ് ഓഫ് സ്റ്റഡീസ് പുനഃസംഘടന നടക്കുന്നത് മുതലാണ് സര്‍വകലാശാലയിലെ നിയമനങ്ങളില്‍ വ്യാപകമായ രീതിയില്‍ ക്രമക്കേടുകള്‍ കടന്ന് കൂടുന്നത്. ഇതോടെ ഗവര്‍ണറുടെ അനുമതിയില്ലാതെയാണ് പുനസംഘനടയെന്നും ഇതില്‍ തന്നെ വിവിധ പഠന ബോര്‍ഡുകളിലെ 68 അംഗങ്ങള്‍ക്ക് യോഗ്യതയില്ലെന്നും ചൂണ്ടിക്കാട്ടി പ്രതിപക്ഷ അധ്യാപക സംഘടനയായ കെ പി സി ടി എ കോടതിയില്‍ ഹർജി നൽകി. സര്‍വകലാശാല നിയമനങ്ങളില്‍ ചാന്‍സലറായ ഗവര്‍ണറുടെ അനുമതി ആവശ്യമാണെന്നായിരുന്നു കോടതി വിധി.
യോഗ്യതയില്ലെന്നും ചൂണ്ടിക്കാട്ടിയിട്ടും സര്‍വ്വകലാശാല അംഗങ്ങളെ മാറ്റാതെ തന്നെ പട്ടിക രണ്ട് തവണ ഗവർണർക്ക് കൈമാറി. അനർഹരെ ഒഴിവാക്കണമെന്ന് ഗവർണർ നിലപാടെടുത്തെങ്കിലും മാറ്റി നല്‍കാന്‍ സര്‍വ്വകലാശാല തയ്യാറായിട്ടില്ല. ഇതിന്‍റെ ഫലമായി ഒരു വര്‍ഷത്തോളമായി പഠനബോര്‍ഡുകളൊന്നും പ്രവര്‍ത്തിക്കുന്നില്ല. പഠന ബോര്‍ഡുകളിലെ നിയമം അനിശ്ചിതത്വത്തിലായിരിക്കുമ്പോഴാണ് തലശ്ശേരി ബ്രണ്ണന്‍ കോളേജിലെ എം എ ഗവേണന്‍സ് ആന്‍റ് പൊളിറ്റിക്സ് പ്രോഗ്രാമിന്‍റെ സിലബസില്‍ ആര്‍എസ്എസ് വക്താക്കളുടെ ചിന്തകള്‍ക്ക് പ്രാധാന്യം ലഭിച്ചെന്ന ആരോപണം ഉയര്‍ന്നത്. പൂര്‍ണ്ണമായും ഇടത് നിയന്ത്രണത്തിലുള്ള സര്‍വ്വകലാശാലയില്‍ ആര്‍എസ്എസ് ചിന്തയ്ക്ക് പ്രധാന്യം ലഭിച്ചത് വലിയ വിവാദമായി. ഒടുവില്‍, വിവാദം അവസാനിപ്പിക്കാന്‍ സര്‍വ്വകലാശാലയ്ക്ക് സിലബസ് പരിഷ്കരിക്കേണ്ടി വന്നു.
പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്‍റെ ഭാര്യയ്ക്ക് അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ നിയമം നല്‍കാനുള്ള നീക്കം വിവാദമായത്. സര്‍വകലാശാല വിസി ഗോപിനാഥ് രവീന്ദ്രനെ കോടതി ശാസിക്കുന്നത് ആദ്യമായല്ല. നേരത്തെ, കാസർകോട് പടന്നയിൽ സ്വാശ്രയ കോളജിന് സർവകലാശാല നൽകിയ അനുമതി റദ്ദാക്കിയപ്പോള്‍ വിസി അധികാരപരിധി മറികടന്നതായി ചൂണ്ടിക്കാണിച്ചിരുന്നു. ഇതിനിടെയാണ് ചോദ്യ പേപ്പര്‍ ആവര്‍ത്തന വിവാദം ഉയര്‍ന്നത്. മുന്‍ വര്‍ഷത്തെ ചോദ്യപേപ്പര്‍ അതേ പടി ആവര്‍ത്തിക്കുകയായിരുന്നു. ഇത് വിവാദമായതോടെ സര്‍വകലാശാലയ്ക്ക് പരീക്ഷ കണ്‍ട്രോളറെ തന്നെ മാറ്റേണ്ടിവന്നു.
അതിനിടെയാണ് ഇടതുപക്ഷ സര്‍ക്കാര്‍, നിയമിച്ച സര്‍വകലാശാലാ വിസിമാരുടെ നിയമനത്തിനെതിരെ ഗവര്‍ണര്‍ തന്നെ രംഗത്തെത്തിയത്. ഇതോടെ കണ്ണൂര്‍ സര്‍വകലാശാല വിസി ഗോപിനാഥ് രവീന്ദ്രന്‍റെ നിയമനവും അനിശ്ചിതത്വത്തിലായി. 60 വയസ് എന്ന പ്രായപരിധി ലംഘിച്ച് സര്‍ച്ച് കമ്മിറ്റിയുടെ അനുമതിയില്ലാതെ പ്രഫസര്‍ ഗോപിനാഥ് രവീന്ദന് കണ്ണൂര്‍ സര്‍വകാലാശാല വിസിയായി പുനര്‍ നിയമനം നല്‍കിയതിനെതിരെ സര്‍വകലാശാല അധ്യാപകരും കെപിസിടിഎ നേതാക്കളുമായ ഡോ. ഷിനോ പി.ജോസ്, ഡോ. പ്രേമചന്ദ്രൻ കീഴോത്ത് എന്നിവര്‍ കോടതിയെ സമീപിച്ചു. കെടിയു വിസി നിയമന കേസില്‍ സേർച് കമ്മിറ്റിയില്ലാതെയുള്ള വിസി നിയമനം സാധുവല്ലെന്നായിരുന്നു കോടതി വിധി. ഇതോടെ കണ്ണൂര്‍ സര്‍വകലാശാല വിസി ഗോപിനാഥ് രവീന്ദ്രന്‍റെ നിയമനവും അനിശ്ചിതത്വത്തിലായി.