കൊച്ചി: കേരള സര്‍വകലാശാല സെനറ്റിലേക്ക് ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാൻ അംഗങ്ങളെ നാമനിര്‍ദേശം ചെയ്തത് ഹൈകോടതി റദ്ദാക്കി. നാല് അംഗങ്ങളുടെ നാമനിര്‍ദേശമാണ് റദ്ദാക്കിയത്. ആറാഴ്ചയ്ക്കകം പുതിയ നാമനിര്‍ദേശം നല്‍കാന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടു. സർക്കാറുമായി ഏറ്റുമുട്ടലിന്‍റെ പാതയിലുള്ള ഗവർണർക്ക് തിരിച്ചടിയായി ഹൈകോടതി വിധി.
കേരള സർവകലാശാല നിയമപ്രകാരം ഹ്യുമാനിറ്റീസ്, ശാസ്ത്രം, കല, കായികം എന്നീ മേഖലകളിൽ ഉന്നത മികവ് പുലർത്തുന്ന നാല് പേരെ ചാൻസ്ലറായ ഗവർണർക്ക് സെനറ്റിലേക്ക് ശിപാർശ ചെയ്യാം. സർവകലാശാലയിൽ നിന്ന് നൽകുന്ന പട്ടികയിലെ യോഗ്യരായ വിദ്യാർഥികളെ ചാൻസലർ നാമനിർദേശം ചെയ്യുന്നതാണ് കീഴ്വഴക്കം. സർവകലാശാല എട്ട് പേരെ നാമനിർദേശം ചെയ്തിരുന്നു. ഈ ലിസ്റ്റിലെ എട്ട് പേരിൽ ഒരാളെയും പരിഗണിക്കാതെയാണ് ചാൻസലർ നാല് പേരെ നാമനിർദേശം ചെയ്തത്.
എ.ബി.വി.പി പ്രവർത്തകരായ അഭിഷേക് ഡി. നായർ (ഹ്യൂമാനിറ്റീസ്), എസ്.എൽ. ധ്രുവിന് (സയൻസ്), മാളവിക ഉദയന്‍ (ഫൈൻ ആർട്സ്), സുധി സുധന് (സ്പോർട്സ്) എന്നിവരെയാണ് സർക്കാർ പട്ടിക മറികടന്ന് ഗവർണർ നാമനിര്‍ദേശം ചെയ്ത്. ചാൻസലറെന്ന നിലയിൽ സ്വന്തം തീരുമാനപ്രകാരം സെനറ്റ് നിയമനം നടത്താമെന്നായിരുന്നു ഗവർണറുടെ വാദം. ഇതാണ് സിംഗിൾ ബെഞ്ച് റദ്ദാക്കിയത്.
അതേസമയം, സെനറ്റിലേക്കുള്ള സര്‍ക്കാറിന്റെ മൂന്ന് നാമനിര്‍ദേശം ഹൈകോടതി ശരിവെച്ചു. സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ. ജെ.എസ്. ഷിജുഖാന്‍, മുന്‍ എം.എല്‍.എ ആര്‍. രാജേഷ്, അഡ്വ. ജി. മുരളീധരന്‍ എന്നിവരുടെ നാമനിര്‍ദേശത്തിനാണ് അംഗീകാരം ലഭിച്ചത്. ഇവരുടെ നിയമനം ചോദ്യം ചെയ്തുള്ള ഹരജി ഹൈകോടതി തള്ളി.