ഉത്തർപ്രദേശ് സർക്കാരിന് തിരിച്ചടി. മദ്രസ പഠനം നടത്തുന്ന വിദ്യാർത്ഥികൾക്ക് സർക്കാർ സ്കൂളുകളിൽ പ്രവേശനം നൽകണമെന്ന് അലഹബാദ് ഹൈക്കോടതി. യുപി മദ്രസ എഡ്യൂക്കേഷൻ ആക്ട് 2004 ഭരണഘടന വിരുദ്ധമാണെന്നാണ് അലഹബാദ് ഹൈക്കോടതിയുടെ കണ്ടെത്തൽ. നിയമം മതേതരത്വത്തിന് വിരുദ്ധമാണെന്നും
മദ്രസ വിദ്യാഭ്യാസം നടത്തുന്ന വിദ്യാർത്ഥികൾക്ക് സർക്കാർ സ്കൂളുകളിൽ പ്രവേശനത്തിന് അർഹതയുണ്ടെന്നും കോടതി വ്യക്തമാക്കി. സംസ്ഥാനത്തെ വലിയ വിഭാഗം ജനത്തിന്റെ വിദ്യാഭ്യാസ അവകാശത്തെ ഹനിക്കുന്നതാണ് നിയമം. ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങൾക്ക് വിരുദ്ധമായി നിയമം നിലനിൽക്കില്ലെന്നും കോടതി പറഞ്ഞു.
ഇപ്പോൾ മദ്രസകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഔപചാരിക വിദ്യാഭ്യാസ സമ്പ്രദായത്തിൽ പഠിക്കാൻ കഴിയുന്ന തരത്തിൽ പദ്ധതി രൂപീകരിക്കാൻ ഉത്തർപ്രദേശ് സർക്കാരിനോട് കോടതി നിർദേശിച്ചു.അൻഷുമാൻ സിംഗ് റാത്തോഡ് എന്നയാളുടെ റിട്ട് ഹർജിയിലാണ് ലഖ്‌നൗ ബെഞ്ചിന്‍റെ വിധി.
യുപി മദ്രസ ബോർഡിനും ന്യൂനപക്ഷ ക്ഷേമ വകുപ്പ് ആ ബോർഡ് കൈകാര്യം ചെയ്യുന്നതിനും എതിരെയായിരുന്നു ഹർജി. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജ്മെന്‍റിലെ സുതാര്യതയെ കുറിച്ച് കഴിഞ്ഞ വർഷം ഡിസംബറിൽ ഡിവിഷൻ ബെഞ്ച് ആശങ്ക ഉന്നയിച്ചിരുന്നു. അത്തരം തീരുമാനങ്ങൾ തുല്യ അവസരങ്ങളും മതേതര തത്വങ്ങളും ഉറപ്പാക്കുന്നുണ്ടോയെന്ന് കോടതി ആരാഞ്ഞു.
ഉത്തർപ്രദേശിലെ ഇസ്‌ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സർവേ നടത്താൻ സംസ്ഥാന സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. മദ്രസകൾക്ക് വിദേശത്തുനിന്ന് ലഭിക്കുന്ന ഫണ്ടിനെ കുറിച്ച് അന്വേഷിക്കാൻ 2023 ഒക്ടോബറിൽ പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.