കോഴിക്കോട് : തിക്കോടിയില്‍ യുവാവ് തീ കൊളുത്തി കൊന്ന കൃഷ്ണപ്രിയക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ മോശം പ്രചരണം നടത്തിയ സംഭവത്തില്‍ പൊലീസിന് പരാതി നല്‍കാന്‍ കുടുംബം. പ്രതി നന്ദകുമാര്‍ കൃഷ്ണപ്രിയയുടെ വീട്ടില്‍ വന്ന ദിവസം പ്രശ്‌നമുണ്ടാക്കരുതെന്ന് കരുതി അച്ഛന്‍ മനോജന്‍ സംസാരിച്ച കാര്യങ്ങള്‍ നന്ദകുമാര്‍ റെക്കോഡ് ചെയ്തിരുന്നെന്നും ഇത് തെറ്റായി ഉപയോഗിച്ച് കൃഷ്ണ പ്രിയയുടെ സ്വഭാവ ദൂഷ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നെന്ന് കുടുംബം പറയുന്നു. നന്ദു മോശം സ്വഭാവമുള്ളയാളല്ലെന്ന തരത്തില്‍ അച്ഛന്‍ മനോജന്‍ സംസാരിക്കുന്ന ശബ്ദസന്ദേശമാണ് പ്രചരിക്കുന്നത്. ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഇത് വാര്‍ത്തയാക്കുന്നുണ്ട്. മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം പരാതി നല്‍കാനാണ് കുടുംബത്തിന്റെ തീരുമാനം.
നന്ദുവും നന്ദുവിന്റെ ബന്ധുക്കളും കൃഷ്ണപ്രിയയെ നിരന്തരം ശല്യം ചെയ്തിരുന്നെന്നും മറ്റുള്ളവരോട് മിണ്ടാന്‍ പോലും സമ്മതിച്ചിരുന്നില്ലെന്നും കൃഷ്ണ പ്രിയയുടെ ബന്ധുക്കള്‍ പറയുന്നു. നന്ദകുമാറിന്റെ സുഹൃത്തുക്കള്‍ കൃഷ്ണപ്രിയക്കെതിരെ സമൂഹമാധ്യമങ്ങളില്‍ മോശം പ്രചാരണം നടത്തുന്നുണ്ട്. കൃഷ്ണപ്രിയയെ മോശക്കാരിയാക്കി ചിത്രീകരിച്ചു കൊണ്ടാണ് നന്ദകുമാറിന്റെ കൃത്യത്തെ സ്വാഭാവികപ്രതികരണമാണെന്ന രീതിയില്‍ സുഹൃത്തുക്കള്‍ പ്രചരിപ്പിക്കുന്നത്. കൃഷ്ണപ്രിയയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്നും അതില്‍ പ്രകോപിതനായാണ് നന്ദകുമാര്‍ കൊലപാതകം നടത്തിയതെന്നാണ് ഇവര്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുന്നത്. തിക്കോടി ഗ്രാമപഞ്ചായത്തിന് മുമ്പില്‍ വച്ചാണ് നന്ദകുമാര്‍ പഞ്ചായത്തിലെ താല്‍കാലിക ജീവനക്കാരിയായ കൃഷ്ണപ്രിയയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊന്നത്. തുടര്‍ന്ന് സ്വയം തീ കൊളുത്തിയ നന്ദകുമാറും പിന്നീട് ആശുപത്രിയില്‍ വച്ച് മരിച്ചിരുന്നു.