ബദിയടുക്ക: ഉക്കിനടുക്കയിൽ പ്രവർത്തിക്കുന്ന കാസർകോട് മെഡിക്കൽ കോളജിൽ വെള്ളമില്ലാതായിട്ട് നാലു ദിവസം. നിലവിലെ സ്ഥിതിയിൽ ഒ.പി ചികിത്സ നിർത്തലിന്റെ വക്കിലാണ്. അടുക്കസ്ഥല പുഴയിൽ നിന്നും വാട്ടർ അതോറിറ്റിയുടെ കീഴിൽ പമ്പുചെയ്താണ് മെഡിക്കൽ കോളജിലേക്ക് വെള്ളം എത്തിച്ചിരുന്നത്.
എന്നാൽ പുഴവെള്ളം പൂർണമായും വറ്റിവരണ്ടതോടെ മെഡിക്കൽ കോളജിലേക്കുള്ള വെള്ളം ഇല്ലാതായി. ദിവസത്തിൽ 10,000 ലിറ്റർ വെള്ളമാണ് മെഡിക്കൽ കോളജിൽ ആവശ്യം. എന്നാൽ ഇത്രയും വെള്ളം എത്തിക്കാനുള്ള ഇടപെടൽ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം. ദിനംപ്രതി 200ഓളം പേർ ഒ.പിക്കായി ചികിത്സ തേടി എത്തുന്നുണ്ട്.
ടോയ് ലെറ്റിൽ വെള്ളമില്ല. ആശുപത്രി ശുചീകരണം ഇല്ലാത്തത് ദുർഗന്ധത്തിന് ഇടയാക്കുന്നുണ്ട്. 75ഓളം ജീവനക്കാരാണ് ഡോക്ടർമാർ ഉൾപ്പെടെ ഇവിടെയുള്ളത്. വെള്ളം മുട്ടിയതോടെ തുടർന്നുപോകാൻ കഴിയില്ലെന്ന് മെഡിക്കൽ കോളജിലെ ജീവനക്കാർ പറയുന്നു. ബദിയടുക്ക പഞ്ചായത്ത് വാർഡുതലത്തിൽ കോളനികൾ ഉൾപ്പെടെ ടെൻഡർ വിളിച്ച് വെള്ളം എത്തിക്കുന്നുണ്ട്.
എന്നാൽ, അത്യാവശ്യവെള്ളം നൽകാൻ സാങ്കേതിക തടസ്സംമൂലം കഴിയുന്നില്ലെന്നാണ് പഞ്ചായത്ത് അധികൃതരും പറയുന്നത്. വാട്ടർ അതോറിറ്റിയുടെയും ജില്ല കലക്ടറുടെയും ശ്രദ്ധയിൽപെടുത്തിയതായി മെഡിക്കൽ കോളജ് സ്ഥിതിചെയ്യുന്ന ഗ്രാമപഞ്ചായത്ത് വാർഡ് മെംബർ ജോതി കാര്യാട് പറഞ്ഞു.
എൻമകജെ പഞ്ചായത്തിലേ 500ലേറെ കുടുംബങ്ങൾ ആശ്രയിക്കുന്ന കുടിവെള്ളമാണ് അടുക്കസ്ഥല പുഴ വറ്റിയതോടെ മുടങ്ങിയത്. ആവശ്യമായ തടയണവെച്ച് നിർത്തിയ വെള്ളം പ്രദേശത്തെ ചിലർ തുറന്നുവിട്ടതാണ് പുഴ വറ്റി കുടിവെള്ളം മുടങ്ങാനിടയാക്കിയതെന്നാണ് നാട്ടുകാർതന്നെ ആരോപിക്കുന്നത്. സംഭവത്തിൽ അന്വേഷണം വേണമെന്ന പരാതിയും ഉയർന്നുവരുന്നു. മെഡിക്കൽ കോളജിലെ വെള്ളത്തിന്റെ ലഭ്യത ഉറപ്പാക്കാൻ ബന്ധപ്പെട്ട ആരോഗ്യ വകുപ്പ് ഇടപെടണമെന്നുമാണ് ജനങ്ങളുടെ ആവശ്യം.