ബംഗളൂരു: ലൈംഗിക പീഡന കേസിൽ മുൻ എം.പിയും ജെ.ഡി.എസ് നേതാവുമായ പ്രജ്വൽ രേവണ്ണയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി. ബംഗളൂരുവിലെ പ്രത്യേക ജനപ്രതിനിധി കോടതിയാണ് പ്രജ്വലിന്റെ ജാമ്യാപേക്ഷ തള്ളിയത്.പ്രത്യേക അന്വേഷണ സംഘത്തിന്‍റെ (എസ്.ഐ.ടി) കസ്റ്റഡിയിലാണ് 33കാരനായ പ്രജ്വൽ. നിരവധി സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ ചിത്രീകരിക്കുകയും ചെയ്ത കേസിൽ മെയ് 31നാണ് അറസ്റ്റിലായത്. വിദേശത്ത് ഒളിവിൽ കഴിഞ്ഞതിന്ശേഷം തിരിച്ചെത്തിയ പ്രജ്വലിനെ വിമാനത്താവളത്തിൽ വെച്ചുതന്നെ അന്വേഷണ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഹാസൻ ലോക്‌സഭാ മണ്ഡലത്തിൽനിന്ന് വീണ്ടും മത്സരിച്ച പ്രജ്വൽ പരാജയപ്പെട്ടിരുന്നു. കർണാടകയിലെ ആദ്യഘട്ട തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് പ്രജ്വലിന്റെ നിരവധി ലൈംഗികാതിക്രമ വീഡിയോകൾ വ്യാപകമായി പ്രചരിച്ചത്. പ്രകൃതിവിരുദ്ധ ലൈംഗിക പീഡന കേസിൽ ജെ.ഡി.എസ് എം.എൽ.സിയും പ്രജ്വലിന്റെ സഹോദരനുമായ സൂരജ് രേവണ്ണയും കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു.
ജോലിക്കു സഹായം തേടി സമീപിച്ച 27കാരനെ പീഡിപ്പിച്ചെന്ന കേസിൽ ഞായറാഴ്ച ഹാസനിൽനിന്നാണ് ഇയാൾ പിടിയിലായത്. നേരത്തെ, ലൈംഗിക പീഡനക്കേസിലെ അതിജീവിതയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രജ്വലിന്റെ പിതാവ് എച്ച്.ഡി രേവണ്ണയ്ക്കും അമ്മ ഭവാനി രേവണ്ണക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നു.