തിരുവനന്തപുരം : മത വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്ത പി സി ജോര്‍ജിന് ഉപാധികളോടെ ജാമ്യം. മതവിദ്വേഷ പരാമർശങ്ങൾ നടത്തരുത്, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടാല്‍ ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു. വഞ്ചിയൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നല്‍കിയത്. പി സി ജോര്‍ജിന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചെങ്കിലും ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു.
ഹിന്ദു മഹാപരിഷത്തിന്‍റെ തിരുവനന്തപുരത്ത് വെച്ച് നടന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്‍റെ ഉദ്ഘാടന ചടങ്ങില്‍ ഇന്നലെയായിരുന്നു പി സി ജോര്‍ജ് വിവാദപ്രസംഗം നടത്തിയത്. പ്രസംഗം മറ്റ് സമുദായത്തിലെ വിശ്വാസികൾക്കും മുസ്ലിങ്ങൾക്കും ഇടയിൽ വർഗ്ഗീയ ചേരിതിരിവ് സൃഷ്ടിക്കാൻ കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടി വിവിധ സംഘടനകള്‍ ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കി. വലിയ പ്രതിഷേധമാണ് പിസി ജോര്‍ജ്ജിനെതിരെ ഉണ്ടായത്. പിന്നാലെയാണ് ഡിജിപിയുടെ നിര്‍ദേശ പ്രകാരം ഫോര്‍ട്ട് പൊലീസ് കേസെടുത്തത്. ഹിന്ദു മുസ്ലീം വൈര്യം ഉണ്ടാക്കുന്ന രീതിയിലും മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയിലും പ്രകോപനപരമായി പ്രസംഗിച്ചതിനാണ് കേസെന്ന് എഫ്ഐറില്‍ വ്യക്തമാക്കിയിരുന്നു.