ദില്ലി: മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിച്ച സുപ്രീം കോടതി നടപടി സ്വാഗതം ചെയ്ത് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കാപ്പന് ജാമ്യം അനുവദിച്ച സുപ്രീം കോടതി നടപടി സ്വാഗതം ചെയ്യുന്നതായി യെച്ചൂരി പറഞ്ഞു. നീണ്ട കാലം കാപ്പൻ ജയിലിൽ കിടന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിന് എല്ലാവർക്കും അവകാശമുണ്ടെന്ന് കോടതി ഉറപ്പുവരുത്തണം. നിലവിലെ സാഹചര്യത്തിൽ അതിന് വലിയ പ്രാധാന്യമുണ്ട്. അഭിപ്രായ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടു മറ്റു കേസുകളിലും സമാന വിധി ഉണ്ടാകണമെന്നും യെച്ചൂരി പറഞ്ഞു.
ഹാത്രസിലേക്ക് പോകും വഴി യുപി സർക്കാര്‍ യുഎപിഎ ചുമത്തി ജയിലിലടച്ച മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് ചീഫ് ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം നല്‍കിയത്. യുപി പൊലീസ് കണ്ടെത്തിയ തെളിവുകള്‍ അപര്യാപ്‍തം എന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം അനുവദിച്ചത്. അടുത്ത ആറാഴ്ച കാപ്പൻ ദില്ലിയില്‍ തങ്ങണം എന്ന നിബന്ധനയോടെയാണ് ജാമ്യം നൽകിയത്. അതേസമയം, ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ കൂടി ജാമ്യം ലഭിച്ചാല്‍ മാത്രമേ സിദ്ദിഖ് കാപ്പന് പുറത്തിറങ്ങാൻ കഴിയൂ.
ഹാത്രസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി പെണ്‍കുട്ടി മരിച്ച സ്ഥലത്തേക്ക് പോകും വഴിയാണ് സിദ്ദിഖ് കാപ്പൻ 2020 ഒക്ടോബർ അഞ്ചിന് അറസ്റ്റിലായത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കൊപ്പം യാത്ര ചെയ്ത സിദ്ദിഖ് കാപ്പന്‍ കലാപത്തിന് ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി യുഎപിഎ ചുമത്തിയാണ് യുപി പൊലീസ് അറസ്റ്റ് ചെയ്തത്. മഥുര കോടതിയും അലഹാബാദ് ഹൈക്കോടതിയും ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് കാപ്പൻ സുപ്രീംകോടതിയില്‍ എത്തിയത്.
യുപി സര്‍ക്കാര്‍ ചുമത്തിയ യുഎപിഎ കേസില്‍ ജാമ്യം ലഭിച്ച കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍റെ ഭാര്യ റെയ്ഹാനത്ത്. നിരപരാധിത്വം കോടതിക്ക് ബോധ്യമായി. സുപ്രീംകോടതിക്ക് നന്ദിയെന്നും അവര്‍ പ്രതികരിച്ചു. രണ്ട് വർഷമായി നടത്തുന്ന പോരാട്ടത്തിനൊടുവിലാണ് ആശ്വാസം ലഭിക്കുന്നത്. കഴിഞ്ഞത് മാനസികമായും സാമ്പത്തികമായും ഏറെ സമ്മർദ്ദങ്ങൾ സഹിച്ച കാലമാണെന്നും കുറ്റപ്പെടുത്തലുകൾ ഒക്കെ അവഗണിച്ചുവെന്നും റെയ്ഹാനത്ത് കൂട്ടിച്ചേര്‍ത്തു.