ബെംഗളൂരു : കർണാടകയിലെ ശിവമോഗയിൽ ബജ്റങ് ദൾ പ്രവർത്തകനെ കുത്തിക്കൊന്നു. ശിവമോഗ സ്വദേശിയായ ഹർഷ(26)യാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. നാലുപേരടങ്ങുന്ന സംഘമാണ് യുവാവിനെ കൊലപ്പെടുത്തിയതെന്നും ഇവരെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും പോലീസ് പറഞ്ഞു.
ഹിജാബ് വിവാദവുമായി സംഭവത്തിന് ബന്ധമില്ലെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പ്രതികരിച്ചു. കൊല്ലപ്പെട്ട യുവാവ് തയ്യൽക്കാരനായി ജോലിചെയ്യുകയായിരുന്നു. രാത്രി ഒമ്പത് മണിയോടെയാണ് നാലംഗസംഘം ഹർഷയെ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബജ്റങ്ദൾ പ്രവർത്തകൻ കൊല്ലപ്പെട്ടെന്ന വിവരം പുറത്തറിഞ്ഞതിന് പിന്നാലെ ശിവമോഗയിലെ പലയിടങ്ങളിലും അക്രമസംഭവങ്ങളും അരങ്ങേറി. ശിവമോഗയിൽ പലയിടത്തും അജ്ഞാതരായ അക്രമികൾ വാഹനങ്ങൾ കത്തിച്ചു. ഇതിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ വൻ പോലീസ് സംഘമാണ് ശിവമോഗയിൽ ക്യാമ്പ് ചെയ്യുന്നത്. വിവിധയിടങ്ങളിൽ പോലീസ് റൂട്ട് മാർച്ചും നടത്തി.
പ്രദേശത്ത് നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. സ്കൂളുകളും കോളേജുകളും അടഞ്ഞുകിടക്കുകയാണ്. യുവാവിന്റെ കൊലപാതകത്തിന് ഹിജാബ് വിവാദവുമായി ബന്ധമില്ലെന്നാണ് പോലീസിന്റെ പ്രതികരണം. കൊല്ലപ്പെട്ട യുവാവും അക്രമിസംഘത്തിൽപ്പെട്ടവരും പരസ്പരം അറിയുന്നവരാണ്. ഇവർ തമ്മിലുള്ള മുൻവൈരാഗ്യം കൊലപാതകത്തിൽ കലാശിച്ചെന്നാണ് കരുതുന്നതെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
അതേസമയം ബജ്റങ്ദൾ പ്രവർത്തകന്റെ കൊലപാതകത്തിന് കാരണം കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിന്റെ പ്രകോപനപരമായ പ്രസ്താവനകളാണെന്ന് മന്ത്രി കെ.എസ്. ഈശ്വരപ്പ ആരോപിച്ചു. കൊല്ലപ്പെട്ട ഹർഷ സത്യസന്ധനായ ചെറുപ്പക്കാരനും നല്ലൊരു പ്രവർത്തകനുമായിരുന്നു. കഴിഞ്ഞദിവസം രാത്രി മുസ്ലീം ഗുണ്ടകളാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. ദേശീയപതാകയ്ക്ക് പകരം കാവി പതാക സ്ഥാപിച്ചെന്നും ഹിജാബ് വിരുദ്ധ സമരത്തിനായി 50 ലക്ഷം കാവി ഷാളുകൾ ഗുജറാത്തിലെ ഫാക്ടറിയിൽനിന്ന് ഓർഡർ ചെയ്തെന്നും കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാർ അടുത്തിടെ അവകാശപ്പെട്ടിരുന്നു. അദ്ദേഹം ഈ പ്രസ്താവന നടത്തിയതിന് ശേഷം ഗുണ്ടായിസം വളർന്നിരിക്കുകയാണ്. ഇത്തരം ഗുണ്ടായിസം തുടരാൻ അനുവദിക്കില്ല. കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിന് എല്ലാവിധ സഹായവും നൽകുമെന്നും മന്ത്രി ഈശ്വരപ്പ പറഞ്ഞു.
കൊലപാതകത്തിന് പിന്നിൽ ഏതെങ്കിലും സംഘടനയുണ്ടെന്ന് ഇതുവരെ വിവരം ലഭിച്ചിട്ടില്ലെന്ന് കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയും മാധ്യമങ്ങളോട് പ്രതികരിച്ചു. ‘പോലീസിന് ചില സൂചനകൾ ലഭിച്ചിട്ടുണ്ട്. കൊലപാതകത്തിന്റെ കാരണം അന്വേഷണത്തിന് ശേഷം പുറത്തുവരും. ആക്രമണത്തിന് പിന്നിൽ ഏതെങ്കിലും സംഘടനയാണോ എന്നത് സംബന്ധിച്ച് ഇതുവരെ വിവരങ്ങളൊന്നുമില്ല. എല്ലാവിധ സുരക്ഷാക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ചിലയിടങ്ങളിൽ കഴിഞ്ഞദിവസം രാത്രി പ്രതിഷേധപ്രകടനങ്ങൾ അരങ്ങേറിയിരുന്നു. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണ്’- മന്ത്രി
പറഞ്ഞു.