ഭോപ്പാൽ: ബിജെപി മുൻ വക്താവ് നൂപുർ ശർമയെ പിന്തുണച്ചതിന് മധ്യപ്രദേശിൽ ബജ്റംഗ്ദൾ പ്രവർത്തകന് നേരെ ആക്രമണം. അഗർ ടൗണിലാണ് സംഭവം. ആയുഷ് ജാദം എന്ന യുവാവിനാണ് പരിക്കേറ്റത്. സംഭവത്തിൽ 13 പേർക്കെതിരെ കേസെടുത്തു.
ഇതിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബൈക്കിൽ ഉജ്ജൈൻ റോഡിലൂടെ പോകുകയായിരുന്നപ്പോൾ പന്ത്രണ്ടോളം പേർ തടഞ്ഞുനിർത്തി പൊതുസ്ഥലത്ത് വെച്ച് തന്നെ ആക്രമിച്ചതായി ആയുഷ് ജാദം പറഞ്ഞു. ബൈക്കിലെത്തിയ ചിലർ തന്നെ തടഞ്ഞുനിർത്തി പേര് ചോദിക്കുകയും തുടർന്ന് കത്തിയും വാളും ഉപയോഹഗിച്ച് ആക്രമിക്കുകയും ചെയ്തെന്ന് ഇയാൾ പറഞ്ഞു.
നൂപൂർ ശർമ്മയെ പിന്തുണച്ചതിന് എന്റെ തല വെട്ടുമെന്ന് അവർ പറഞ്ഞെന്നും യുവാവ് കൂട്ടിച്ചേർത്തു. ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ അഗർ ടൗണിൽ കനത്ത പൊലീസ് വിന്യാസം ഏർപ്പെടുത്തിയതായി ജില്ലാ പൊലീസ് സൂപ്രണ്ട് രാകേഷ് സാഗർ പറഞ്ഞു. കഴിഞ്ഞ മാസം നൂപൂർ ശർമ്മയെ പിന്തുണച്ച് സോഷ്യൽ മീഡിയ പോസ്റ്റുകളുടെ പേരിൽ രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു.
രാജസ്ഥാനിലും മഹാരാഷ്ട്രയിലുമാണ് കൊലപാതകം നടന്നത്. മഹാരാഷ്ട്രയിലെ അമരാവതിയിലെ അമിത് മെഡിക്കൽ സ്റ്റോർ ഉടമയായ ഉമേഷ് കോൽഹെയാണ് പ്രവാചകൻ വിവാദവുമായി ബന്ധപ്പെട്ട് ജൂൺ 21-ന് ആദ്യമായി കൊല്ലപ്പെടുന്നത്. ഉദയ്പൂരിൽ നിന്നുള്ള തയ്യൽക്കാരനായ കനയ്യ ലാലിന്റെ കഴുത്ത് അറുത്തും കൊലപ്പെടുത്തി. നൂപൂർ ശർമ്മയ്ക്ക് അനുകൂലമായി സന്ദേശങ്ങൾ പോസ്റ്റ് ചെയ്ത നിരവധി പേർക്ക് ഭീഷണിയുണ്ട്.