താനെ: ബലിപെരുന്നാളിന് മുന്നോടിയായി വീട്ടിൽ ആടിനെ കൊണ്ടുവന്നതിനെതിരെ പ്രതിഷേധം. മഹാരാഷ്ട്ര താനെ ജില്ലയിലെ ഭവന സമുച്ചയത്തിലാണ് സംഭവം. താമസക്കാരിൽ ഒരാൾ ബക്രീദിന് ബലിയറുക്കാനുള്ള ആടിനെ വീട്ടിലേക്ക് കൊണ്ടുവന്നതാണ് വിവാദത്തിനിടയാക്കിയത്.
ഭവന സമുച്ചയത്തിൽ വെച്ചല്ല ഇയാൾ അറവുനടത്തുകയെന്നും അടുത്ത ദിവസം തന്നെ ആടിനെ അറവുസ്ഥലത്തേക്ക് കൊണ്ടുപോകുമെന്നും മീരാ റോഡ് പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫിസർ പി.ടി.ഐയോട് പറഞ്ഞു. ചൊവ്വാഴ്ച വൈകുന്നേരം ഭയന്ദർ ഹൗസിംഗ് സൊസൈറ്റിയിൽ ജെ.പി. ഇൻഫ്രയിലായിരുന്നു സംഭവം. സ്ഥലത്ത് കുതിച്ചെത്തിയ പൊലീസ് താമസക്കാരുമായി ചർച്ച നടത്തി അനുനയിപ്പിച്ചു.
–
സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായിരുന്നു. അതിൽ ചിലർ ആടിനെ വീട്ടിലേക്ക് കൊണ്ടുപോകുന്നത് തടയുകയും ആക്രോശിക്കുകയും ചെയ്യുന്നത് കേൾക്കാം. ബക്രീദിന് മുന്നോടിയായി ആടിനെ വീട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടിക്രമങ്ങളെക്കുറിച്ച് ഇയാൾ എല്ലാ വർഷവും പൊലീസിനെ അറിയിക്കാറുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു.