തിരുവനന്തപുരം: സംഗീത സംവിധായകൻ ബാലഭാസ്കറിന്‍റെത് അപകട മരണം തന്നെയെന്ന് സിജെഎം കോടതി. സിബിഐ റിപ്പോർട്ട് അംഗീകരിച്ച കോടതി ബാലഭാസ്കറിന്‍റെ അച്ഛന്‍റെ ഹർജി തള്ളി. തിരുവനന്തപുരം സിജെഎം കോടതിയുടേതാണ് ഉത്തരവ്. ഹൈക്കോടതിയിൽ പോകുമെന്ന് ബാലഭാസ്കറിന്‍റെ അച്ഛൻ ഉണ്ണി പ്രതികരിച്ചു. സിബിഐ റിപ്പോർട്ട് തള്ളി തുടന്വേഷണം നടത്തണമെന്നായിരുന്നു ബാലഭാസ്കറിന്‍റെ അച്ഛൻ ഉണ്ണിയുടെ ആവശ്യം.
പ്രതിയായ ഡ്രൈവർ അർജുൻ ഒക്ടോബർ 1 ന് കോടതിയിൽ ഹാജരാകണമെന്ന് സിജെഎം കോടതി നിര്‍ദ്ദേശിച്ചു. അർജുൻ അലക്ഷ്യമായും അമിത വേഗത്തിലും വാഹനമോടിച്ചതാണ് അപകടകാരണമെന്നാണ് സിബിഐ കോടതിയെ അറിയിച്ചത്. സ്വർണക്കടത്ത് കേസിലെ പ്രതികളും സുഹൃത്തുക്കളും ചേർന്ന് ബാലഭാസ്കറിനെ കൊലപ്പെടുത്തിയതാണെന്നും മരണത്തിൽ സിബിഐയുടെ റിപ്പോർട്ട് തള്ളണമെന്നും ആവശ്യപ്പെട്ടാണ് അച്ഛൻ ഉണ്ണി തിരുവനന്തപുരം സി ജെ എം കോടതിയെ സമീപിച്ചത്.
അപകടത്തിൽപ്പെട്ട വാഹനത്തിൽ നിന്നും കണ്ടെത്തിയ ബാലഭാസ്കറിന്‍റെ മൊബൈൽ സിബിഐ പരിശോധിച്ചിരുന്നില്ലെന്നായിരുന്നു ബാലഭാസ്കറിന്‍റെ അച്ഛന്‍റെ പ്രധാന ആരോപണം. ബാലഭാസ്കറിന്‍റെ മരണ ശേഷം ഈ ഫോണ്‍ ഉപയോഗിച്ചിരുന്നത് സുഹൃത്തായ പ്രകാശന തമ്പിയായിരുന്നു. സ്വർണ കള്ളക്കടത്ത് കേസിൽ പ്രതിയായ തമ്പിയ്ക്ക് അപകടത്തിന് പിന്നിൽ പങ്കുണ്ടെന്നാണ് മറ്റൊരു ആരോപണം. എന്നാൽ ഈ ഫോണുകള്‍ വിശദമായി പരിശോധിച്ചതാണെന്ന് സിബിഐ കോടതിയെ അറിയിച്ചു. ഇതേ തുടർന്നാണ് ഹർജിയിൽ വിധി പറയാൻ മാറ്റിയത്.