തിരുവനന്തപുരം : സംഗീത സംവിധായകൻ ബാലഭാസ്ക്കറിന്‍റെ അപകട മരണത്തിൽ സിബിഐ നൽകിയ കുറ്റപത്രം തള്ളി തുടരന്വേഷണം നടത്തണമെന്ന ഹർജിയിൽ വിധി ഇന്ന്. തിരുവനന്തപുരം സിജെഎം കോടതിയാണ് വിധി പറയുന്നത്. ബാലഭാസ്ക്കറിന്‍റെ അപകടമരണമെന്നാണ് സിബിഐ കണ്ടെത്തല്‍. അപകടത്തിന് പിന്നിൽ സ്വർണ കടത്തുകാരുടെ അട്ടിമറിയെന്നാണ് ബാലുവിന്‍റെ ബന്ധുക്കളുടെ ആരോപണം.
തൃശൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെയാണ് പള്ളിപ്പുറത്തുവച്ച് വാഹന അപകടത്തിൽ ബാലഭാസ്ക്കറും മകളും മരിക്കുന്നത്. 2019 സെപ്തംബർ 25ന് പുലർച്ചെയാണ് അപകടം നടക്കുന്നത്. ഭാര്യ ലക്ഷമി, ഡ്രൈവർ അർജുൻ എന്നിവർക്കും ഗുരുതരമായി പരിക്കേറ്റു. അപകടത്തിന് ശേഷം ബാലഭാസ്ക്കറിന്‍റെ സുഹൃത്തുക്കളായ പ്രകാശ് തമ്പി, വിഷ്ണു സോമസുന്ദരം സ്വർണ കടത്തു കേസിൽ പ്രതികളായതോടെയാണ് വിവാദമുയർന്നത്. അപകട മരണമല്ല, ആസൂത്രിത കൊലപാതമെന്നായിരുന്നു ബാലഭാസ്ക്കറിന്‍റെ രക്ഷിതാക്കളുടെ ആരോപണം.
അട്ടിമറിയില്ലെന്നും, ഡ്രൈവർ അർജുന്‍ അശ്രദ്ധയോടെയും അമിത വേഗത്തിലും വാഹനമോടിച്ചതാണ് അപകട കാരണമെന്നായിരുന്നു ക്രൈം ബ്രാഞ്ച് റിപ്പോർട്ട്. ഈ റിപ്പോർട്ടിനെതിരെ ബാലഭാസ്ക്കറിൻെറ അച്ഛൻ മുഖ്യമന്ത്രിയെ സമീപിച്ചതോടെയാണ് കേസ് സിബിഐക്ക് സർക്കാർ വിട്ടത്. ക്രൈം ബ്രാഞ്ച് കണ്ടത്തലുകളെ ശരിവയ്ക്കുന്നതായിരുന്നു സിബിഐയുടെ അന്തിമ റിപ്പോർട്ടും. സിജെഎം കോടതിയിൽ സിബിഐ നൽകിയ റിപ്പോർട്ട് തള്ളി തുടരന്വേഷണം നടത്തണമെന്നാണ് ബാലഭാസ്ക്കറിന്‍റെ രക്ഷിതാക്കളുടെ ആവശ്യം.
വാദത്തിനിടെ ബാലഭാസ്ക്കറിന്‍റെ ഫോണ്‍ സിബിഐ പരിശോധിച്ചില്ലെന്ന് രക്ഷിതാക്കള്‍ ചൂണ്ടികാട്ടി. അപകടം നടന്ന വാഹനത്തിൽ നിന്നും ലഭിച്ച ബാലഭാസ്ക്കറിൻന്‍റെ ഫോണ്‍ പൊലീസ് സ്റ്റേഷനിൽ നിന്നും വാങ്ങിയത് പ്രകാശ് തമ്പിയായിരുന്നു. പ്രകാശ് തമ്പി സ്വർണകടത്തുകേസിൽ പ്രതിയായപ്പോള്‍ ഡിആർഐ ഫോണ്‍ വിശദമായി പരിശോധിച്ചിരുന്നു. ഈ റിപ്പോർട്ടും സിബിഐക്കും കൈമാറിയിരുന്നു. എന്നാൽ കുറ്റപത്രത്തിൽ ഈ റിപ്പോർട്ട് ഉള്‍പ്പെടുത്തിയിരുന്നില്ല. ഫോണ്‍ വിശദമായി പരിശോധിച്ചിരുന്ന റിപ്പോർട്ട് കഴിഞ്ഞ വാദത്തിനിടെ സിബിഐ കോടതിയിൽ നൽകി. സിബിഐയുടെയും ബാലഭാസ്ക്കറിന്‍റെ അച്ഛൻറേയും വാദം ഈ മാസം 16ന് അവസാനിച്ചിരുന്നു. ഇതേ തുടർന്നാണ് വിധി പറയാൻ മാറ്റിയത്.