കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി സംവിധായകൻ ബാലചന്ദ്രകുമാർ. കേസിലെ പ്രതികളെ അപായപ്പെടുത്താനും ദിലീപ് ഗൂഢാലോചന നടത്തിയെന്ന് ബാലചന്ദ്രകുമാർ വ്യക്തമാക്കി. ഗൂഢാലോചന നടത്തിയതിന്‍റെ എല്ലാ വിവരങ്ങളും പോലീസിന് കൈമാറിയിട്ടുണ്ടെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ നടൻ ദിലീപിനെതിരെ പുതിയ കേസ് ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്തിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന് ചൂണ്ടിക്കാട്ടി ദിലീപ്, സഹോദരൻ അനൂപ് അടക്കം ആറു പേർക്കെതിരെയാണ് ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂനിറ്റ് കേസ് രജിസ്റ്റർ ചെയ്തത്.
ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ദിലീപ്, വീട്ടിൽ വെച്ച് സഹോദരൻ അടക്കമുള്ളവരോട് അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ എന്തെങ്കിലും ചെയ്യണമെന്നും എസ്.പി കെ.എസ് സുദർശന്‍റെ കൈ വെട്ടണം എന്ന് പറഞ്ഞതായും ബാലചന്ദ്രകുമാർ വ്യക്തമാക്കിയിരുന്നു. ഈ വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ മുമ്പാകെ ബാലചന്ദ്രകുമാർ ആവർത്തിക്കുകയും ചെയ്തു. ശബ്ദരേഖയും ഫോൺ റെക്കോഡുകളും അടക്കം തെളിവായി ശേഖരിച്ചാണ് ക്രൈംബ്രാഞ്ചിന്‍റെ പുതിയ നടപടി. ഫെബ്രുവരി 16ന് വിചാരണ പൂർത്തിയാക്കി വിധി പറയേണ്ടതിനാൽ ഈ മാസം 20ന് അന്വേഷണസംഘം റിപ്പോർട്ട് സമർപ്പിക്കണം.
ക്രൈംബ്രാഞ്ച് ഐ.ജി ഫിലിപ്, എസ്.പിമാരായ കെ.എസ്. സുദർശൻ, സോജൻ അടക്കം 13 ഉദ്യോഗസ്ഥരാണ് അന്വേഷണ സംഘത്തിലുള്ളത്. അന്വേഷണം വേഗത്തിൽ നടക്കേണ്ടതുള്ളതിനാൽ അംഗ അന്വേഷണ സംഘത്തിലെ ഓരോ ഉദ്യോഗസ്ഥർക്കും പ്രത്യേകം ചുമതലകൾ ഏൽപിച്ചിട്ടുണ്ട്. തെളിവുകളുടെ ശാസ്ത്രീയ പരിശോധനക്ക് പ്രത്യേക ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തി. കഴിഞ്ഞ ദിവസം അന്വേഷണസംഘം പള്‍സര്‍ സുനിയുടെ അമ്മയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. സുനി അമ്മയെ ഏൽപിച്ച കത്ത് അന്വേഷണസംഘത്തിന് കൈമാറിയിട്ടുണ്ട്.