കൊച്ചി : നടിയെ പീഡിപ്പിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് അടക്കമുള്ളവര്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതില്‍ തനിക്ക് ദുഃഖമോ സന്തോഷമോ തോന്നുന്നില്ലെന്ന് ദിലീപിന്റെ മുന്‍ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാര്‍. കേസില്‍ ജാമ്യം കിട്ടിയതില്‍ സന്തോഷിക്കേണ്ടത് ദിലീപാണ്. ജാമ്യം കിട്ടിയത് അന്വേഷണ ഉദ്യോസ്ഥര്‍ക്ക് വെല്ലുവിളിയായി മാറും. ശക്തനായ പ്രതി വെളിയില്‍ നില്‍ക്കുമ്പോള്‍ സ്വാഭാവികമായും അന്വേഷണത്തെ ബാധിക്കും. പ്രതി പ്രബലനാണെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത് അനുസരിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജസ്റ്റിസ് പി. ഗോപിനാഥിന്റെ സിംഗിള്‍ ബെഞ്ചാണ് ഉപാധികളോടെ ദിലീപിനെക്കൂടാതെ, സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് ടി.എന്‍.സുരാജ്, ബന്ധുവായ അപ്പു, സുഹൃത്തായ ബൈജു ചെങ്ങമനാട്, ശരത്ത് എന്നിവര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപയുടെ രണ്ട് ജാമ്യം വേണമെന്ന് കോടതി നിര്‍ദേശിച്ചു. ദിലീപ് പാസ്‌പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണം. അന്വേഷണവുമായി പ്രതികള്‍ സഹകരിക്കണമെന്നും ഉപാധികള്‍ ലംഘിച്ചാല്‍ അറസ്റ്റു ചെയ്യാമെന്നും കോടതി വ്യക്തമാക്കി.
ബാലചന്ദ്രകുമാറിന്റെ മൊഴിയെ തുടര്‍ന്നു ക്രൈംബ്രാഞ്ച് റജിസ്റ്റര്‍ ചെയ്ത കേസില്‍ കഴിഞ്ഞ മാസം പത്തിനാണു ദിലീപ് അടക്കമുള്ളവര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസ്, കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്ന ഡിവൈഎസ്പി കെ.എസ്.സുദര്‍ശന്‍ എന്നിവരടക്കമുള്ളവരെ അപായപ്പെടുത്താന്‍ ദിലീപും കൂട്ടാളികളും ഗൂഢാലോചന നടത്തിയതിനു ദൃക്‌സാക്ഷിയാണെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ മൊഴി. സംഭാഷണങ്ങളുടെ റിക്കോര്‍ഡ് ചെയ്ത ശബ്ദരേഖയും ബാലചന്ദ്രകുമാര്‍ കൈമാറിയിരുന്നു.