തിരുവനന്തപുരം: ബാലരാമപുരത്ത് നടുറോഡിലിട്ട് യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ചവര്‍ പിടിയിൽ. റസൽപുരം സ്വദേശികളായ അജീഷ്,നിധീഷ് എന്നിവരാണ് ബാലരാമപുരം പൊലിസ് പിടികൂടിയത്. അതേസമയം യുവാവിനെ കുത്തിക്കൊലപ്പെടുത്തിയവർക്കായി തെരച്ചിൽ തുടരുകയാണ്. കൊലപാതകത്തിന് പിന്നാലെ പ്രതികള്‍ ജില്ല വിട്ടിരുന്നു. നെയ്യാറ്റിന്‍കര ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. ഞായറാഴ്ച രാത്രിയാണ് റസൽപുരത്ത് നടുറോഡിലിട്ട് യുവാവിനെ കുത്തിക്കൊന്നത്. കിളിമാനൂര്‍ സ്വദേശി വിഷ്ണുവാണ് കൊല്ലപ്പെട്ടത്.
ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. ബാലരാമപുരം റസൽപുരം സിമൻ്റ് ഗോഡൗണിന് സമീപത്താണ് വിഷ്ണുവിന്റെ മൃതദേഹം കണ്ടെത്തിയത്. ബൈക്കിൽ യാത്രചെയ്യുകയായിരുന്നു വിഷ്ണു. ഈ സമയം എതിരെ ബൈക്കില്‍ വന്ന രണ്ടുപേരാണ് കുത്തി കൊലപ്പെടുത്തിയത് എന്ന് പോലീസ് പറയുന്നു. കൊല്ലപ്പെട്ട വിഷ്ണു ബാലരാമപുരത്തെ ടാര്‍മിക്സിംഗ് കമ്പനിയിലെ ജീവനക്കാരനാണ്. ജോലിക്ക് പോകും വഴിയാണ് വിഷ്ണു കൊല്ലപ്പെട്ടത്.
ബൈക്ക് റസല്‍പുരം സിമന്റ് ഗോഡൗണിന് അടുത്ത് എത്തിയപ്പോള്‍ എതിരെ രണ്ട് പേര് ബൈക്കിലെത്തി. ബൈക്കിലെത്തിയവര്‍ വിഷ്ണുവിന്റെ ബൈക്കില്‍ തട്ടുന്ന രീതിയില്‍ ഓടിച്ചുപോയി. ഇതിനെ വിഷ്ണു ചോദ്യം ചെയ്തു. ഇതോടെ ബൈക്ക് അരികില്‍ നിര്‍ത്തിയവര്‍ വിഷ്ണുവിനെ മര്‍ദിക്കുകയും കുത്തുകയുമായിരുന്നു. മുന്‍ വൈരാഗ്യമാണോ അതോ പെട്ടെന്നുണ്ടായ സംഭവമാണോ കൊലപാതകത്തിന് പിന്നിലെന്ന് പോലീസിന് ഇതുവരെ തിരിച്ചറിയാനായില്ല.