കുര്‍ദിഷ് : ഇറാഖിലെ കുര്‍ദിഷ് മേഖലയില്‍ പന്ത്രണ്ടോളം ബാലിസ്റ്റിക് മിസൈലുകള്‍ വന്ന് പതിച്ചതായി റിപ്പോര്‍ട്ട്. വടക്കന്‍ കുര്‍ദിഷ് മേഖലയിലെ ഏര്‍ബലിലാണ് മിസൈലുകള്‍ വന്ന് പതിച്ചത്. ആളപായം സ്ഥിരീകരിച്ചിട്ടില്ല. ആരാണ് മിസൈല്‍ വിക്ഷേപിച്ചതെന്ന് കണ്ടെത്താനായിട്ടില്ലെന്നും ആരും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. മിസൈലുകള്‍ കൃത്യമായി എവിടെയാണ് പതിച്ചതെന്ന് കുര്‍ദിഷ് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ലെന്ന് ഇറാഖി സ്റ്റേറ്റ് ടിവിയെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് പ്രതികരിച്ചു. യുഎസ് പൗരന്മാര്‍ സുരക്ഷിതരായിരിക്കുന്നുവെന്നും എര്‍ബിലിലെ യുഎസിന്റെ ഔദ്യോഗിക കാര്യാലയങ്ങള്‍ക്ക് തകരാറുകള്‍ സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
എര്‍ബില്‍ വിമാനത്താവളത്തിനടുത്ത് നിലയുറപ്പിച്ചിരിക്കുന്ന യുഎസ് സൈന്യത്തിന് നേരെ തുടര്‍ച്ചയായി റോക്കറ്റ് ആക്രമണവും ഡ്രോണ്‍ ആക്രമണവും നടന്നിരുന്നു. ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇറാഖിന്റെ സായുധ ഗ്രൂപ്പാണെന്നും യുഎസ് കുറ്റപ്പെടുത്തിയിരുന്നു. അതേസമയം കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇത്തരം ആക്രമണങ്ങള്‍ യുഎസ് സേനയ്ക്ക് നേരെ നടന്നിരുന്നില്ല. 2020 ജനുവരിയിലാണ് അവസാനമായി യുഎസ് സേനയ്ക്ക് നേരെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണമുണ്ടായത്. ഇറാന്‍ സൈനിക കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയതിലുണ്ടായ പ്രതികാരമായിരുന്നു അന്നത്തെ ആക്രമണം. അതിനിടെ തിങ്കളാഴ്ച സിറിയയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്‌സ് കോര്‍പ്‌സിലെ രണ്ട് അംഗങ്ങള്‍ കൊല്ലപ്പെട്ടിരുന്നു.