കോഴിക്കോട് : ബാലുശ്ശേരി ആൾക്കൂട്ട ആക്രമണക്കേസുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിന്റെ എഫ് ഐആറിൽ മാറ്റം വരുത്തി പോലീസ്. വധശ്രമം (307) കൂടി ചേർത്തു. ജിഷ്ണുവിനെ അതിക്രൂരമായി മർദ്ദിച്ച ശേഷം വെള്ളത്തിൽ മുക്കുന്നത് അടക്കം കൂടുതൽ ദൃശ്യങ്ങൾ ലഭ്യമായ സാഹചര്യത്തിലാണ് വധശ്രമം കൂടി ചുമത്തിയത്. കുറ്റകരമായ നരഹത്യ അടക്കമുള്ള വകുപ്പുകളായിരുന്നു ആദ്യം പോലീസ് എഫ്ഐആറിൽ ചേർത്തിരുന്നത്.
ബാലുശ്ശേരി ആൾക്കൂട്ട ആക്രമണക്കേസിലെ കൂടുതൽ ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി ജിഷ്ണുവിനെ അതിക്രൂരമായി മർദ്ദിച്ച ശേഷം വെള്ളത്തിൽ മുക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഒളിവിൽ കഴിയുന്ന എസ്‍ഡിപിഐ നേതാക്കളിൽ ഒരാളാണ് ക്രൂരകൃത്യത്തിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്.
കേസിൽ ഇതുവരെ ആറ് പേർ അറസ്റ്റിലായിട്ടുണ്ട്. എന്നാൽ ഒളിവിൽ പോയ എസ്‍ഡിപിഐ പ്രവർത്തകരെ പിടികൂടുക ശ്രമകരമാണെന്ന് ഉദ്യോഗസ്ഥർ തന്നെ പറയുന്നു. അതേസമയം, കേസിൽ പോലീസ് – എസ്‍ഡിപിഐ അന്തർധാരയുണ്ടെന്നാണ് ലീഗ് ആരോപിക്കുന്നത്. സ്വന്തം പ്രവർത്തകൻ തന്നെ കേസിൽ അറസ്റ്റിലായതോടെ, ഡിവൈഎഫ്ഐ നേതൃത്വം വലിയ പ്രതിരോധത്തിലായിരുന്നു. എന്നാൽ ജിഷ്ണുവിന് നേരെ നടന്നത് ബോധപൂർവ്വമായ, എസ്‍ഡിപിഐ – ലീഗ് ആക്രമണാണെന്ന് ഡിവൈഎഫ്ഐ ആവർത്തിക്കുന്നു. പ്രധാന പ്രതികളെ മൂന്ന് ദിവസം കഴിയുമ്പോഴും പിടികൂടാത്തതിൽ വലിയ വിമർശനമാണ് പോലീസിന് നേരിടുന്നത്. പരിക്കേറ്റ ജിഷ്ണു കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇപ്പോഴും ചികിത്സയിലാണ്.