ന്യൂഡൽഹി: ഗുജറാത്ത് വംശഹത്യയിൽ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയുടെ പങ്ക് വെളിവാക്കുന്ന ബിബിസി ഡോക്യുമെന്ററിയുടെ പ്രദർശനം സംഘർഷത്തിൽ കലാശിച്ചത് അന്വേഷിക്കാൻ സമിതിയെ നിയോഗിച്ച് ഡൽഹി സർവകലാശാല.
പ്രൊക്ടർ രജനി അബി ചെയർപേഴ്‌സണായി ഏഴംഗ സമിതിയെയാണ് വൈസ് ചാൻസലർ യോഗേഷ് സിംഗ് നിയമിച്ചത്. ജനുവരി മുപ്പതിനകം റിപ്പോർട്ട് നൽകണം. ആർട്സ് ഫാക്കൽറ്റിക്ക് മുന്നിൽ 27ന് വിദ്യാർഥികൾ സംഘടിപ്പിച്ച പ്രദർശനം തടയാൻ സർവകലാശാല അധികൃതരും സുരക്ഷാജീവനക്കാരും എബിവിപിക്കാരും ശ്രമിച്ചതാണ് സംഘർഷത്തിലേയ്‌ക്ക് നയിച്ചത്.
24 വിദ്യാർഥികളെ പൊലീസ് കസ്‌റ്റഡിയിൽ എടുത്തിരുന്നു. പുറത്തുള്ളവർ ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ ശ്രമിച്ചുവെന്നും ക്രമസമാധാനപാലനത്തിനായാണ് പോലീസിനെ വിളിച്ചതെന്നുമാണ് സർവകലാശാലയുടെ അവകാശവാദം.