കർണാടക : കർണാടകയിൽ നിന്നും കേരളത്തിലേക്ക് തീറ്റപ്പുല്ല് കൊണ്ടുവരുന്നതിന് നിരോധനം. ചാമരാജ് ജില്ല ഡെപ്യൂട്ടി കമ്മിഷണറുടേതാണ് ഉത്തരവ്. കർണാടകയിൽ മഴ കുറഞ്ഞതും കാലാവസ്ഥാ വ്യതിയാനവുമാണ് നിരോധനത്തിന്റെ പ്രധാന കാരണം. ഇതോടെ വയനാട് ജില്ലയിലെ ക്ഷീര കർഷകർ ദുരിതത്തിലായി. വയനാട് ജില്ലയിൽ നിന്നടക്കം സംസ്ഥാനത്തെ ആയിരക്കണക്കിന് ക്ഷീരകർഷകരാണ് കർണാടകയിൽ നിന്നുള്ള തീറ്റപ്പുല്ലിനെ ആശ്രയിച്ചിരുന്നത്. ക്ഷീരോൽപാദന സംഘങ്ങൾ സബ്സിഡി നിരക്കിൽ ആയിരുന്നു ഇവിടെ നിന്നും എത്തിച്ച തീറ്റപ്പുല്ല്, കച്ചി തുടങ്ങിയ ക്ഷീരകർഷകർക്ക് വിതരണം ചെയ്തിരുന്നത്. ചെറുകിട ഫാം കർഷകരും ഇവിടെ നിന്നും തീറ്റപ്പുല്ല് എത്തിക്കുമായിരുന്നു.
നൂറുകണക്കിന് ടാക്സി വാഹനങ്ങളിലാണ് കേരളത്തിലേക്ക് പുല്ല് എത്തിച്ചിരുന്നത്. ഇതിനാണ് ചാമരാജ് നഗർ ജില്ലാ ഭരണകൂടം നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ആവശ്യത്തിനു മഴ ലഭിക്കാത്തതും വരൾച്ചയുമാണ് നിരോധനം ഏർപ്പെടുത്താൻ കാരണമെന്നാണ് സൂചന. കഴിഞ്ഞ ദിവസം മുതൽ നിരോധനം പ്രാബല്യത്തിൽ വന്നു. ഇതോടെ ക്ഷീരമേഖലയിലെ ചെറുകിടക്കാരായ 80 % കർഷകർ പ്രതിസന്ധിയിലായിരിക്കുകയാണ്. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് കലക്ടർ തല ചർച്ച നടത്തി പ്രശ്ന പരിഹാരം ഉണ്ടാക്കണമെന്നാണ് കർഷക സംഘടനകൾ ആവശ്യപ്പെടുന്നത്.