പ്ലാസ്റ്റിക്ക് നിരോധനം ഘട്ടം ഘട്ടമായി മാത്രം നിരോധിക്കണമെന്ന് കേന്ദ്രസർക്കാരിനോട് അപേക്ഷിച്ച് പാനീയ നിർമ്മാതാക്കളും വ്യവസായ സംഘടനകളും. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന് രാജ്യവ്യാപകമായി നിരോധനം ഏർപ്പെടുത്താനുള്ള സമയപരിധി അടുത്തുവരുന്ന സാഹചര്യത്തിലാണ് അപേക്ഷ.
ചെറിയ പായ്ക്കറ്റ് ജ്യൂസുകൾക്കുള്ള പ്ലാസ്റ്റിക് സ്‌ട്രോകൾ ഘട്ടം ഘട്ടമായി നിർത്താൻ അനുവദിക്കണമെന്നാണ് അപേക്ഷ. ജൂലൈ 1 മുതൽ നിരോധനം ഏർപ്പെടുത്താനിരിക്കെയാണ് അപേക്ഷ. പേപ്പർ സ്‌ട്രോ പോലുള്ള ബദൽ സംവിധാനങ്ങൾ ഏർപ്പെട്ടുത്താൻ സമയം അനുവദിക്കണമെന്നാണ് കമ്പനികൾ പറയുന്നത്. കൊക്കകോള ഇന്ത്യ, പെപ്‌സികോ ഇന്ത്യ, പാർലെ അഗ്രോ, ഡാബർ, ഡിയാജിയോ, റാഡിക്കോ ഖൈതാൻ എന്നീ കമ്പനികളെ പ്രതിനിധീകരിക്കുന്ന ആക്ഷൻ അലയൻസ് ഫോർ റീസൈക്ലിംഗ് ബിവറേജ് കാർട്ടൺസ് (AARC) സംഘടനയാണ് സർക്കാരിനോട് അപേക്ഷിച്ചത്
പ്ലാസ്റ്റിക് മാറ്റി പേപ്പർ ഉപയോഗിക്കുന്നതിൽ കമ്പനികൾക്ക് അധിക ചെലവ് ഉണ്ടാക്കുമെന്നും ഇത് 3,000 കോടി രൂപയുടെ നഷ്ടം വരുത്തുമെന്നാണ് സംഘടന വ്യക്തമാക്കുന്നത്. ഒരു പ്ലാസ്റ്റിക് സ്‌ട്രോയ്‌ക്ക് 15 പൈസയും ഒരു പേപ്പർ സ്‌ട്രോയ്‌ക്ക് 40 പൈസ വരെയുമാണ് വില വരുന്നത്. പേപ്പർ സ്ട്രോകൾ ഇറക്കുമതി ചെയ്യാൻ കമ്പനികൾ തയ്യാറാണെന്നും പേപ്പർ സ്‌ട്രോ ഇറക്കുമതി ചെയ്യാൻ ഓർഡർ നൽകിയിട്ടുണ്ടെന്നും പാർലെ അഗ്രോയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഷൗന ചൗഹാൻ പറഞ്ഞു. ഫ്രൂട്ടിയും ആപ്പി ഫിസും ആണ് പാർലെയുടെ ഡിമാന്റുള്ള ഉത്പന്നങ്ങൾ.
പാനീയ കമ്പനികൾ പേപ്പർ സ്ട്രോകൾ ഇറക്കുമതി ചെയ്യാൻ നോക്കുന്നു, കാരണം അവ നിർമ്മിക്കാനുള്ള ശേഷി ഇന്ത്യക്കില്ല. കൂടാതെ, പേപ്പർ സ്ട്രോകൾക്കുള്ള അസംസ്കൃത വസ്തുക്കളും ഇറക്കുമതി ചെയ്യണം. ജൂലൈ അവസാനത്തോടെ, ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങളിൽ 10 മുതൽ 15 ശതമാനം വരെ പേപ്പർ സ്‌ട്രോ ഉപയോഗിക്കുമെന്ന് ആർക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പ്രവീൺ അഗർവാൾ പറഞ്ഞു.