മുഖത്ത് ചുളിവുകള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. പല കാരണങ്ങള്‍ കൊണ്ടും മുഖത്ത് ചുളിവുകള്‍ ഉണ്ടാകാം. ചിലരില്‍ പ്രായം കൂടുന്നതിന്‍റെ ഭാഗമായി ആകാം മുഖത്ത് ചുളിവുകള്‍ ഉണ്ടാകുന്നത്. എന്നാല്‍ മറ്റു ചിലരില്‍ ജീവിതശൈലിയുടെ ഭാഗമായും ചര്‍മ്മം മോശമാകാം. പ്രായത്തെ തടഞ്ഞുനിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കിലും ചര്‍മ്മത്തെ സംരക്ഷിക്കാന്‍ ചെറിയ ചില കാര്യങ്ങൾ ചെയ്താൽ മാത്രം മതി. ഇത്തരത്തില്‍ ചര്‍മ്മത്തിലെ ചുളിവുകളും വരകളും കറുത്ത പാടുകളുമൊക്കെ മാറ്റാന്‍ വീട്ടില്‍ സ്ഥിരമായി ലഭ്യമായ വാഴപ്പഴം സഹായിക്കും.
ചർമ്മത്തിൽ കൊളാജൻ വർധിപ്പിക്കാൻ സഹായിക്കുന്ന വിറ്റാമിൻ എ വാഴപ്പഴത്തിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. വാഴപ്പഴം കൊണ്ടുള്ള ഫേസ് പാക്ക് ചര്‍മ്മത്തിലെ ചുളിവുകളും വരകളും പാടുകളുമൊക്കെ മാറ്റാന്‍ സഹായിക്കും. ഇതിനായി ആദ്യം പകുതി പഴം, ഒരു ടീസ്പൂണ്‍ തേന്‍, ഒരു ടീസ്പൂണ്‍ പാല്‍ എന്നിവ ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി മസാജ് ചെയ്യാം. 20 മിനിറ്റിന് ശേഷം ഇളംചൂടുവെള്ളം കൊണ്ട് കഴുകാം.
അതുപോലെ തന്നെ പകുതി വാഴപ്പഴത്തിനൊപ്പം ഒരു ടീസ്പൂണ്‍ ഓറഞ്ച് ജ്യൂസും തൈരും ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകാം. ഇത് പതിവായി ചെയ്യുന്നത് ചര്‍മ്മത്തിലെ ചുളിവുകള്‍ മാറാന്‍ സഹായിക്കും.
ചര്‍മ്മത്തിലെ കറുത്ത പാടുകളെ അകറ്റാന്‍ ആദ്യം പകുതി പഴം എടുക്കുക. ഇനി ഇതിലേയ്ക്ക് അര സ്പൂണ്‍ കടല മാവും രണ്ടോ മൂന്നോ നാലോ തുള്ളി നാരങ്ങാ നീരും, 2- 3 മൂന്ന് തുള്ളി വെള്ളവും ചേര്‍ത്ത് മിശ്രിതമാക്കാം. ഇനി ഈ മിശ്രിതം മുഖത്ത് പുരട്ടാം. 10 മുതല്‍ 15 മിനിറ്റിന് ശേഷം കഴുകി കളയാം.