നമ്മുടെ ആരോഗ്യത്തിന്റെ കാര്യത്തിലേക്ക് വരുമ്പോള്‍ ഏറ്റവുമാദ്യം തന്നെ നമ്മള് പ്രാധാന്യം നല്‍കേണ്ടത് ഡയറ്റിന് അഥവാ നമ്മുടെ ഭക്ഷണരീതിക്കാണ്. നമ്മള് എന്ത് കഴിക്കുന്നു, എത്ര കഴിക്കുന്നു, എപ്പോള്‍ കഴിക്കുന്നു എന്നതെല്ലാം തന്നെയാണ് വലിയൊരു പരിധി വരെ നമ്മുടെ ആരോഗ്യത്തെ നിര്‍ണയിക്കുന്നത്. ഇത്തരത്തില്‍ നമ്മുടെ ആരോഗ്യത്തെ നല്ലരീതിയില്‍ സ്വാധീനിക്കുന്നൊരു ഭക്ഷണമാണ് നേന്ത്രപ്പഴം. ഒരുപാട് ആരോഗ്യഗുണങ്ങള്‍ നേന്ത്രപ്പഴത്തിനുണ്ട്. ഇവയില്‍ പലതും മിക്കവര്‍ക്കും അറിയില്ല എന്നതാണ് സത്യം.
വൈറ്റമിൻ-സി, പൊട്ടാസ്യം, വൈറ്റമിൻ ബി6, ഫൈബര്‍, ആന്റി-ഓക്സിഡന്റ്സ് എന്നിവയുടെയെല്ലാം സ്രോതസാണ് നേന്ത്രപ്പഴം. കലോറിയും കൊഴുപ്പും കുറവാണ് എന്നതിനാല്‍ തന്നെ ഇത് അനാരോഗ്യകരമായ രീതിയില്‍ വണ്ണം കൂട്ടുമെന്ന പേടിയും വേണ്ട. നേന്ത്രപ്പഴം മുടിയുടെ വളര്‍ച്ചയെയും ആരോഗ്യത്തെയും അതുപോലെ തന്നെ ചര്‍മ്മത്തിന്റെ ഭംഗിയെയും ആരോഗ്യത്തെയുമെല്ലാം എത്തരത്തില്‍ സ്വാധീനിക്കുന്നു എന്നതിനെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. നേന്ത്രപ്പഴത്തിലടങ്ങിയിരിക്കുന്ന വൈറ്റമിൻ-സി, വൈറ്റമിൻ ബി6, പൊട്ടാസ്യം എന്നിവയെല്ലാം തന്നെ മുടിക്കും ചര്‍മ്മത്തിനും ഏറെ ഉപകാരപ്രദമാകുന്ന ഘടകങ്ങളാണ്.
പൊട്ടാസ്യം മുടിയിലും ചര്‍മ്മത്തിലും ജലാംശം പിടിച്ചുനിര്‍ത്താൻ സഹായിക്കുന്നു. ഒരു മോയിസ്ചറൈസറെന്ന പോലെ. മുടി പൊട്ടിപ്പോകുന്നത് തടയാനും മുടി നല്ല ഭംഗിയായി- സില്‍ക്കിയായി കിടക്കാനുമെല്ലാം ഇത് സഹായിക്കുന്നു. മിക്കവരും മുടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് നേരിടുന്നൊരു പ്രശ്നം തന്നെ മുടി ഡ്രൈ ആയി, പൊട്ടിപ്പോകുന്നതായിരിക്കും. ഈ പ്രശ്നത്തെ പ്രതിരോധിക്കാനാണ് നേന്ത്രപ്പഴം സഹായിക്കുന്നത്.
തീര്‍ന്നില്ല, പതിവായി നേന്ത്രപ്പഴം കഴിക്കുന്നത് കൊണ്ട് ആരോഗ്യത്തില്‍ പോസിറ്റീവായ പല മാറ്റങ്ങളും കാണാൻ സാധിക്കും. ദഹനപ്രവര്‍ത്തനങ്ങള്‍ കൂട്ടുന്നതാണ് ഇതിലൊന്ന്. പൊതുവെ ഉണര്‍വും ഉന്മേഷവും കൂടാനും നേന്ത്രപ്പഴം കാരണമാകുന്നു. ആരോഗ്യകരമായ രീതിയില്‍ ശരീരവണ്ണം ക്രമീകരിക്കാനും നേന്ത്രപ്പഴം സഹായിക്കുന്നു. നമുക്ക് മൂഡ് ഡിസോര്‍ഡര്‍, ആംഗ്സൈറ്റി (ഉത്കണ്ഠ) പോലുള്ള പ്രശ്നങ്ങളുണ്ടെങ്കില്‍ പെട്ടെന്ന് തന്നെ ഇതിനോട് അനുബന്ധമായ ബുദ്ധിമുട്ടുകളില്‍ നിന്ന് രക്ഷ നേടാനും നേന്ത്രപ്പഴം കഴിക്കാവുന്നതാണ്. എളുപ്പത്തില്‍ സന്തോഷവും ഉന്മേഷവുമെല്ലാം അനുഭവപ്പെടുത്താൻ നേന്ത്രപ്പഴത്തിന് കഴിവുണ്ട്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും, എല്ലുകളുടെ ആരോഗ്യത്തിനും, രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനുമെല്ലാം നേന്ത്രപ്പഴം നമ്മെ സഹായിക്കുന്നു.