ബെംഗളുരു: ബെംഗളുരു നഗരം സീരിയല്‍ കില്ലര്‍ ഭീതിയില്‍. തിങ്കളാഴ്ച രാത്രിയാണ് ബൈയപ്പനഹള്ളിയിലെ സര്‍ എം വിശ്വേശ്വരയ്യ ടെര്‍മിനലില്‍ (എസ്എംവിടി) പ്ലാസ്റ്റിക് ഡ്രമ്മിനുള്ളില്‍ അഴുകിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. മൂന്ന് മാസത്തിനിടെ ഇത്തരത്തില്‍ മൂന്നാമത്തെ സംഭവമാണിത്. കൊലപാതകത്തിന് പിന്നില്‍ സീരിയല്‍ കില്ലറാണോ എന്ന സംശയത്തിലാണ് ബംഗളുരു ജനത. റെയില്‍വേ സ്റ്റേഷന്റെ ഓട്ടോമാറ്റിക് സ്ലൈഡിംഗ് വാതിലിനോട് ചേര്‍ന്നുള്ള ആളില്ലാത്ത ഡ്രമ്മില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് (ആര്‍പിഎഫ്) പ്രദേശം പരിശോധിച്ചപ്പോള്‍ രാത്രി 7.30 ഓടെയാണ് അഴുകിയ നിലയില്‍ കണ്ടെത്തിയത്.
ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ മൂന്നാമത്തെ മൃതദേഹമാണിത്. മരിച്ചവരെല്ലാം മുപ്പതോ അതിന് മുകളിലോ പ്രായമുള്ള സ്ത്രീകളാണ്. പ്ലാസ്റ്റിക് വീപ്പയില്‍ കുത്തി നിറച്ച നിലയില്‍ അഴുകിയ മൂന്ന് മൃതദേഹവും കണ്ടത് നഗരത്തിലെ പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍. ആദ്യ മൃതദേഹം കണ്ടത് ഡിസംബര്‍ ആറിന് ബയ്യപ്പനഹള്ളി റെയില്‍വേസ്റ്റേഷനിലായിരുന്നു. രണ്ടാം മൃതദേഹം കണ്ടത് ജനുവരി 4 – ന് യശ്വന്തപുര റെയില്‍വേ സ്റ്റേഷനില്‍. മൂന്നാമത്തെ മൃതദേഹം അതേ രീതിയില്‍ ഇന്നലെ എസ് എം വി ടി റെയില്‍വേ സ്റ്റേഷനില്‍. കഴിഞ്ഞ മൂന്ന് മാസത്തിനിടെ സമാനമായ രീതിയിലുള്ള മറ്റ് രണ്ട് സംഭവങ്ങള്‍ കൂടി കണക്കിലെടുത്ത്, സംഭവത്തിന് പിന്നില്‍ സീരിയല്‍ കില്ലറുടെ കൈകളുണ്ടെന്ന് കര്‍ണാടക പോലീസ് സംശയിക്കുന്നു.