കൊൽക്കത്ത: ചികിത്സക്കായി കൊൽക്കത്തയിലെത്തിയ ബംഗ്ലാദേശ് എം.പിയെ കാണാതായി. ബംഗ്ലാദേശ് എം.പി അൻവറുൾ അസിം അനാറിനായുള്ള തെരച്ചിൽ കൊൽക്കത്ത പൊലീസ് ആരംഭിച്ചിട്ടുണ്ട്.ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പാർട്ടിയിലെ അംഗമായ എം.പി മെയ് 12നാണ് ചികിത്സക്കായി കൊൽക്കത്തയിലെത്തിയത്. ബംഗ്ലാദേശി അവാമി ലീഗ് പാർട്ടിയിലെ അംഗമായ എം.പിയുടെ ഫോണും സ്വിച്ച് ഓഫ് ആണെന്ന് കൊൽക്കത്ത പൊലീസ് അറിയിച്ചു.
എം.പി കൊല ചെയ്യപ്പെട്ടിരിക്കാമെന്നാണ് പൊലീസിന്റെ സംശയം. കൊൽക്കത്തയിലെ ന്യൂടൗൺ ഏരിയയിൽ വെച്ച് എം.പി കൊല്ലപ്പെട്ടുവെന്ന സൂചനകളാണ് പൊലീസ് നൽകുന്നത്. ഇവിടെ നിന്നും ഒരു മൃതദേഹം പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ഇത് തിരിച്ചറിയാൻ സാധിച്ചിട്ടില്ല.
മെയ് 12ന് ബംഗ്ലാദേശിൽ നിന്നും കൊൽക്കത്തയിലെത്തിയ എം.പി സുഹൃത്തായ ഗോപാൽ ബിശ്വാസിന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. രണ്ട് ദിവസത്തിനുള്ളിൽ ഇയാളെ കാണാതാവുകയായിരുന്നു. തുടർന്ന് സുഹൃത്ത് പൊലീസിൽ പരാതി നൽകി. എം.പിയുടെ കുടുംബം ശൈഖ് ഹസീനയെ കണ്ട് പരാതി ഉന്നയിക്കുകയും ബംഗ്ലാദേശ് നയതന്ത്രതലത്തിൽ ഇക്കാര്യത്തിൽ ഇടപെടുകയും ചെയ്തിട്ടുണ്ട്.