മലപ്പുറം: ട്രാൻസ്ഫറായി വന്ന തുക കാരണം ജില്ലയിൽ പത്തിലധികം പേരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതായി പരാതി. ചെറുകിട വ്യാപാരികളും പ്രവാസികളും ഉൾപ്പെടെയുള്ളവരുടെ അക്കൗണ്ടുകളാണ് മരവിപ്പിച്ചത്.യു.പി.ഐ ഇടപാടുകൾ കൂടാതെ സാധാരണ ബാങ്ക് ഇടപാട് നടത്തിയവരെയും മരവിപ്പിക്കൽ ബാധിച്ചു. അക്കൗണ്ടുകൾ മരവിപ്പിച്ചതിന്റെ കാരണം സംബന്ധിച്ച കൃത്യമായ മറുപടി ബാങ്കുകളിൽനിന്ന് ഇടപാടുകാർക്ക് ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്.
ചെറുകിട കച്ചവടക്കാരാണ് കൂടുതൽ മരവിപ്പിക്കലിന് ഇരയായത്. പ്രശ്നത്തിൽ കൂടുതൽ അന്വേഷണം നടത്തിയ ഇടപാടുകാർക്ക് യു.പി, ഹിമാചൽ പ്രദേശ്, ഗുജറാത്ത്, ഡൽഹി സംസ്ഥാനങ്ങളിൽ അവരുടെ അക്കൗണ്ടുമായി ബന്ധപ്പെട്ട് പരാതിയുണ്ടെന്നാണ് മറുപടി ലഭിച്ചത്. ഇതോടെ ഇടപാടുകാർ വെട്ടിലായിരിക്കുകയാണ്.
കെ.എസ്.എഫ്.ഇയിൽനിന്ന് ഏഴ് ലക്ഷം രൂപ ഭവനവായ്പ എടുത്ത പൂക്കോട്ടൂർ സ്വദേശി വായ്പയുടെ രണ്ടാം ഗഡുവായ 3.5 ലക്ഷം രൂപ ഗ്രാമീൺ ബാങ്കിലെ സ്വന്തം അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തിരുന്നു. ഇതിൽനിന്ന് പലപ്പോഴായി 1.6 ലക്ഷം രൂപ അദ്ദേഹം പിൻവലിച്ചു. ഒരു ദിവസം പണം പിൻവലിക്കാൻ ശ്രമിച്ചപ്പോഴാണ് അക്കൗണ്ട് മരവിപ്പിച്ച വിവരം അറിയുന്നത്. നാഷനൽ സൈബർ ക്രൈം പോർട്ടലിൽ അക്കൗണ്ട് സംബന്ധിച്ച പരാതിയുണ്ടെന്നാണ് കാരണമായി അറിയിച്ചത്. പ്രശ്നത്തിൽ ഇടപാടുകാരൻ ഹൈകോടതിയെ സമീപിച്ചിരിക്കുകയാണ്. കഴിഞ്ഞ ആറ് മാസത്തിനിടെയാണ് പ്രശ്നം കൂടുതൽ രൂക്ഷമായതെന്ന് പണം നഷ്ടപ്പെട്ടവർ ആരോപിച്ചു. കൂടുതൽ പേർ സംഭവത്തിൽ ഇരകളായിട്ടുണ്ടെന്ന് പരാതിക്കാർ പറയുന്നു.