തിരുവനന്തപുരം> കേരളത്തിലെ ബാങ്കുകളില്‍ പണിയെടുക്കുന്ന താല്‍ക്കാലിക/കരാര്‍ ജീവനക്കാര്‍ ബാങ്ക് ടെമ്പററി എംപ്ലോയീസ് ഫെഡറേഷന്റെ (ബി ടി ഇ എഫ്) ആഭിമുഖ്യത്തില്‍ 2023 ഡിസംബര്‍ 19ന് രാജ് ഭവന്‍ മാര്‍ച്ച് സംഘടിപ്പിക്കുന്നു.
പതിവായും തുടര്‍ച്ചയായും ദീര്‍ഘകാലത്തേക്ക് നിര്‍വഹിക്കപ്പെടേണ്ട ഒരേ സ്വഭാവമുള്ള ജോലികളാണ് ബാങ്കുകളില്‍ സ്ഥിരം ജീവനക്കാര്‍ക്കൊപ്പം താല്‍ക്കാലിക/കരാര്‍ തൊഴിലാളികളും ചെയ്തുവരുന്നത്. അതുകൊണ്ട് തുല്യ ജോലിക്ക് തുല്യ വേതനം എന്ന തത്വമനുസരിച്ച് താല്‍ക്കാലിക/കരാര്‍ തൊഴിലാളികള്‍ക്കും ശമ്പള പരിഷ്‌കരണങ്ങളിലൂടെ സ്ഥിരം ജീവനക്കാര്‍ക്ക് അനുവദിക്കുന്ന വേതനത്തിന് അനുപാതികമായ വേതനം ലഭ്യമാക്കണം എന്നതാണ് രാജഭവന്‍ മാര്‍ച്ചില്‍ ബി ടി ഈ എഫ് മുന്നോട്ടുവയ്ക്കുന്ന പ്രധാന ആവശ്യം.
സി ഐ ടി യു സംസ്ഥാന പ്രസിഡന്റ് ടി പി രാമകൃഷ്ണന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. ബി.ടി.ഇ.എഫ് സംസ്ഥാന പ്രസിഡന്റ് കെ.വി.ജോര്‍ജ്ജ്, സംസ്ഥാന സെക്രട്ടറി കെ.എസ്.രവീന്ദ്രന്‍ എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കും.സംസ്ഥാനത്തെ പൊതുമേഖലയിലെയും സ്വകാര്യമേഖലയിലെയും വാണിജ്യ ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍, പുതുതലമുറ ബാങ്കുകള്‍, നബാര്‍ഡ് തുടങ്ങിയ ബാങ്കിംഗ് സ്ഥാപനങ്ങളിലെ 2000ത്തിലധികം വരുന്ന താത്കാലിക/കരാര്‍ ജീവനക്കാര്‍ ബി ടി യി എഫ് ല്‍ അംഗങ്ങളാണ്.
ആഴ്ചയില്‍ 5 പ്രവര്‍ത്തി ദിവസങ്ങള്‍ എന്ന പ്രവര്‍ത്തന രീതിയിലേക്ക് ബാങ്കുകള്‍ മാറുമ്പോള്‍ തീര്‍ച്ചയായും തൊഴിലാളികളുടെ പ്രതിദിന അധ്വാനത്തിന്റെ സമയവും ഭാരവും വര്‍ദ്ധിക്കും. എന്നാല്‍ വേതനം ആഴ്ചയില്‍ 5 ദിവസത്തേക്ക് മാത്രമായി കുറയുകയും ചെയ്യും. ഇതിന് പരിഹാരമായി താല്‍ക്കാലിക കരാര്‍/ ജീവനക്കാര്‍ക്ക് ശനിയാഴ്ചകളിലെയും ഞായറാഴ്ചകളിലെയും വേതനം കൂടി നല്‍കണം എന്നതാണ് രണ്ടാമത്തെ ആവശ്യം.
മാന്യമായ സേവന വേതന വ്യവസ്ഥകള്‍ ഇല്ലാതെ കൊടിയ ചൂഷണത്തിന് വിധേയരാകുന്ന ബാങ്കുകളിലെ താല്‍ക്കാലിക/കരാര്‍ ജീവനക്കാരുടെ രാജ്ഭവന്‍ മാര്‍ച്ച് ഐതിഹാസിക വിജയമാക്കി തീര്‍ക്കുന്നതിന് വിപുലമായ പ്രചരണങ്ങളും തയ്യാറെടുപ്പുകളും സംഘാടകസമിതിയുടെ നേതൃത്വത്തില്‍ നടന്ന വരികയാണെന്നും സംഘാടകര്‍ അറിയിച്ചു.
ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ അഖിലേന്ത്യാ പ്രസിഡന്റ് എസ്.എസ്.അനില്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.സനില്‍ ബാബു , പ്രസിഡന്റ് ഷാജു ആന്റണി എന്നിവര്‍ അഭിവാദ്യ ചെയ്യും. ബി ടി ഇ എഫ്‌ന്റെ സംസ്ഥാന/ ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെ 600ല്‍ അധികം താല്‍ക്കാലിക/കരാര്‍ ജീവനക്കാര്‍ മാര്‍ച്ചില്‍ പങ്കെടുക്കും.