ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ നിരോധിത ഇസ്ലാമിസ്റ്റ് സംഘടനയായ ജമ്മുകശ്മീർ ജമാഅത്തെ ഇസ്ലാമിയുടെ 90 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ കണ്ടുകെട്ടിയതായി സർക്കാർ അറിയിച്ചു. വിഘടനവാദത്തിനും തീവ്രവാദ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയെന്നാരോപിച്ച് സംഘടനക്കെതിരെയുള്ള നടപടിയുടെ ഭാഗമായിരുന്നു റെയ്ഡ്. ജമ്മു കശ്മീരിലുടനീളം ജമാഅത്തിന്റെ ഇരുന്നൂറോളം സ്വത്തുക്കൾ സ്റ്റേറ്റ് ഇൻവെസ്റ്റിഗേഷൻ ഏജൻസി (എസ്ഐഎ) കണ്ടെത്തിയിട്ടുണ്ട്. നേരത്തെ ഷോപിയാൻ ജില്ലയിൽ എസ്ഐഎ നോട്ടീസ് നൽകുകയും രണ്ട് സ്കൂൾ കെട്ടിടങ്ങൾ ഉൾപ്പെടെ ഒമ്പത് വസ്തുവകകൾ പിടിച്ചെടുക്കുകയും ചെയ്തു. യുഎപിഎ പ്രകാരമാണ് ജില്ലാ മജിസ്‌ട്രേറ്റ് സ്വത്തുക്കൾ കണ്ടുകെട്ടിയത്.
അനന്ത്‌നാഗിലെ ജില്ലാ മജിസ്‌ട്രേറ്റിൽ നിന്ന് ഉത്തരവ് ലഭിച്ചതിന് ശേഷം കനത്ത പൊലീസ് സന്നാഹങ്ങളുടെ അകമ്പടിയോടെയാണ് എസ്‌ഐഎ ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയതും കണ്ടുകെട്ടിയതും. ചിലയിടത്ത് സംഘർഷമുണ്ടായി. ജമ്മു കശ്മീരിലെ ഏറ്റവും വലിയ രാഷ്ട്രീയ-മത സംഘടനയാണ് ജമ്മുകശ്മീർ ജമാഅത്തെ ഇസ്‌ലാമി. 2019-ൽ നിരോധിക്കുന്നതിന് മുമ്പ് നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ സംഘടന നടത്തിയിരുന്നു.1990-കളിൽ കശ്മീരിലെ ഏറ്റവും വലിയ തദ്ദേശീയ ഭീകരസംഘടനയായ ഹിസ്ബുൾ മുജാഹിദ്ദീന്റെ പ്രത്യയശാസ്ത്ര അടിത്തറയായിരുന്നു സംഘടനയെന്ന് ആരോപണമുയർന്നിരുന്നു. തീവ്രവാദ പ്രവർത്തനങ്ങൾക്ക് പണം ലഭ്യമാകുന്നത് തടയാനാണ് സ്വത്തുക്കൾ കണ്ടുകെട്ടിയതെന്ന് അധികൃതർ പറഞ്ഞു.