തിരുവനന്തപുരം: എല്ലാ മാസവും ഒന്നാം തീയതിയുള്ള ഡ്രൈ ഡേ ഒഴിവാക്കണമെന്നും പ്രവർത്തന സമയപരിധി കൂട്ടണമെന്നും സർക്കാരിനോട് ആവശ്യപ്പെട്ട് ബാർ ഉടമകൾ. പുതിയ മദ്യനയം രൂപവത്കരിക്കുന്നതിന് മുന്നോടിയായി എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ബാർ ഉടമകൾ ആവശ്യമുന്നയിച്ചത്. ഇക്കാര്യം പരിശോധിച്ച് പരിഗണിക്കാമെന്ന് മന്ത്രി അറിയിച്ചതായി ബാർ ഉടമകളുടെ സംഘടനാ പ്രസിഡന്‍റ് വി. സുനിൽകുമാർ പ്രതികരിച്ചു.
ഹോട്ടലുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ ചർച്ച ചെയ്തതായി സുനിൽ കുമാർ പറഞ്ഞു. നേരത്തെ ആവശ്യപ്പെട്ടതു പോലെ ഡ്രൈ ഡേ ഒഴിവാക്കിത്തരണമെന്നും ലൈസൻസ് ഫീസ് വർധിപ്പിച്ചതിനാൽ പ്രവർത്തന സമയം കൂട്ടണമെന്നും ആവശ്യപ്പെട്ടു. കൂടുതൽ ഹോട്ടലുകൾ വരുന്നത് ഈ വ്യവസായത്തിന് നല്ലതല്ല. അതിനാൽ അതിന് ഒരു നിയന്ത്രണം വേണമെന്ന് ആവശ്യമുന്നയിച്ചു. സർക്കാർ ഇക്കാര്യങ്ങൾ പരിശോധിക്കുമെന്ന് പറഞ്ഞിട്ടുണ്ടെന്നും സുനിൽകുമാർ വ്യക്തമാക്കി.
ഡ്രൈ ഡേ ആവശ്യമില്ലാത്ത കാര്യമാണെന്നും പിൻവലിച്ചാൽ ഹോട്ടൽ വ്യവസായത്തിന് ഉപകാരമാകുമെന്നാണ് ബാർ ഉടമകളുടെ വാദം. നിലവിൽ രാത്രി 11 മണി വരെയുള്ള പ്രവർത്തന സമയം ദീർഘിപ്പിച്ചാൽ നഷ്ടം നികത്താനാകുമെന്നും ബാർ ഉടമകൾ പറയുന്നു. ഹോട്ടലുടമകൾ പ്രതിസന്ധിയിലായതിനാൽ പുതിയ ഹോട്ടലുകൾക്ക് നിയന്ത്രണം വേണമെന്നും ബാറുടമകൾ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം വിഷയവുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികരിക്കാൻ മന്ത്രി തയാറായിട്ടില്ല. മന്ത്രിസഭയിൽ വിശദമായ ചർച്ചക്കു ശേഷം മദ്യനയത്തിന് രൂപം നൽകുമെന്നാണ് വിവരം.