യുവനിരയിലെ പല സംവിധായകരും മികച്ച അഭിനേതാക്കളുമാണ്. അക്കൂട്ടത്തില്‍പ്പെട്ടയാളാണ് ബേസില്‍. സംവിധായകനെന്ന നിലയില്‍ തൊട്ടതെല്ലാം പൊന്നാക്കിയിട്ടുള്ള ബേസില്‍ നടനെന്ന നിലയിലും പലകുറി കൈയടി നേടി. സംവിധായകനെന്ന നിലയില്‍ പുതിയ ചിത്രങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നടനെന്ന നിലയില്‍ ബേസിലിന്‍റേതായി നാലോളം ചിത്രങ്ങള്‍ എത്താനുണ്ട്. ഇപ്പോഴിതാ കൗതുകകരമായ ഒരു വിവരം സിനിമാപ്രേമികളുമായി പങ്കുവച്ചിരിക്കുകയാണ് ബേസില്‍. താന്‍ ജീവിതത്തില്‍ ഏറ്റവുമധികം തവണ കണ്ട ചിത്രം ഏതെന്ന വിവരമാണ് അത്.
പ്രിയദര്‍ശന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി 1991 ല്‍ പുറത്തെത്തിയ എവര്‍ഗ്രീന്‍ കോമഡി ഡ്രാമ ചിത്രം കിലുക്കമാണ് താന്‍ ഏറ്റവുമധികം തവണ കണ്ടിട്ടുള്ള സിനിമയെന്ന് ബേസില്‍ പറയുന്നു. ഫിലിം കമ്പാനിയന്‍ സൗത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബേസില്‍ ഇതേക്കുറിച്ച് പറയുന്നത്.
അതേസമയം ഫാലിമി എന്ന ചിത്രമാണ് ബേസില്‍ നടനെന്ന നിലയില്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്ന അടുത്ത ചിത്രം. ജാനേമന്‍, ജയ ജയ ജയ ജയ ഹേ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ചിയേഴ്സ് എന്റര്‍ടൈന്‍മെന്റ്‌സ് നിര്‍മ്മിക്കുന്ന ചിത്രമാണിത്. സൂപ്പര്‍ ഡൂപ്പര്‍ ഫിലിംസിന്റെ ബാനറില്‍ അമല്‍ പോള്‍സനും നിര്‍മ്മാണ പങ്കാളിയാണ്. പേര് സൂചിപ്പിക്കും പോലെ ഒരു ഫാമിലി എന്റെര്‍റ്റൈനര്‍ ആയ ചിത്രം റിലീസിന് തയാറെടുക്കുകയാണ്. നവാഗതനായ നിതിഷ് സഹദേവ് ഒരുക്കുന്ന ചിത്രത്തില്‍ നായകനായാണ് ബേസില്‍ എത്തുന്നത്. ജഗദീഷ്, മഞ്ജു പിള്ള, സന്ദീപ് പ്രദീപ്, മീനാരാജ് എന്നിവരാണ് ഫാലിമിയിലെ മറ്റു വേഷങ്ങളില്‍ എത്തുന്നത്. ബേസിലും ജഗദീഷും അച്ഛനും മകനുമായി ആണ് ചിത്രത്തിലെത്തുന്നത്. കുടുംബ ബന്ധങ്ങളിലെ ഇണക്കവും പിണക്കവും രസകരമായി അവതരിപ്പിക്കുന്ന ചിത്രമാണിതെന്നാണ് അണിയറക്കാര്‍ പറയുന്നത്. സംവിധായകന്‍ നിതീഷ് സഹദേവും സാഞ്ചോ ജോസഫും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്.