പത്തനംതിട്ട : നിയമന തട്ടിപ്പ് കേസിലെ നാലാം പ്രതി ബാസിതിനെ ചോദ്യം ചെയ്യുന്നതിനായി അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. കഴിഞ്ഞ ദിവസം മഞ്ചേരിയിൽ നിന്ന് കൻ്റോൺമെൻ്റ് പോലീസ് കസ്റ്റഡിയിലെടുത്ത ബാസിതിനെ വിശദമായ ചോദ്യം ചെയ്യലിനായാണ് കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. അതേസമയം മുഖ്യപ്രതി അഖിൽ സജീവിനെ റിമാന്റ് ചെയ്തു. പത്തനംതിട്ട കോടതിയാണ് 14 ദിവസത്തേക്ക് റിമാന്റ് ചെയ്തത്. കസ്റ്റഡി കാലാവധി നീട്ടേണ്ടതില്ലെന്നും മൊഴിയെടുപ്പ് പൂർത്തിയായതായും അന്വേഷണ സംഘം കോടതിയിൽ വ്യക്തമാക്കി.
സ്പൈസസ് ബോർഡ് നിയമന തട്ടിപ്പ് കേസിൽ അഖിൽ സജീവിന്റെ അറസ്റ്റ് പോലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. അതേസമയം സ്പൈസസ് ബോർഡ് തട്ടിപ്പിലെ രണ്ടാം പ്രതിയും മുൻ യുവമോർച്ച നേതാവുമായ രാജേഷിനായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇയാൾ ഒളിവിലാണ്. ദിവസങ്ങള്‍ പിന്നിട്ടിട്ടും കേസിലെ മുഖ്യപ്രതിയായ ലെനിന്‍ രാജിനെ കണ്ടെത്താന്‍ പോലീസിനായിട്ടില്ല. ഈ സംഘം സംസ്ഥാന വ്യാപകമായി തട്ടിപ്പ് നടത്തിയതായുള്ള പരാതികൾ ഇതിനകം ഉയർന്നിട്ടുണ്ട്.