കോഴിക്കോട് : ബഫർസോൺ വിഷയത്തിൽ പ്രമേയം പസാക്കി ബത്തേരി നഗരസഭ. നേരിട്ട് വിവരശേഖരണം നടത്തണമെന്നും വനാതിർത്തിയിൽ നിന്ന് വനത്തിനുള്ളിലേക്ക് ബഫർസോൺ നിശ്ചയിക്കണമെന്നും നഗരസഭ ആവശ്യപ്പെടുന്നു. സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതിയാണ് പ്രമേയം പാസാക്കിയത് . സുൽത്താൻബത്തേരി നഗരമാകെ ബഫർ സോൺ പരിധിയിലാണ് വരുന്നത്
ബഫർസോൺ പ്രശ്നത്തിൽ സർക്കാർ രൂപീകരിച്ച ജസ്റ്റിസ് തോട്ടത്തിൽ ബി.രാധാകൃഷ്ണൻ അധ്യക്ഷനായ വിദഗ്ധ സമിതിയുടെ കാലാവധി 2 മാസം കൂടി നീട്ടും. ഉടൻ ഉത്തരവ് ഇറങ്ങും.സെപ്റ്റംബർ 30 നായിരുന്നു അഞ്ചംഗകമ്മിറ്റി ഉണ്ടാക്കിയത്. ഡിസംബർ 30 നുള്ളിൽ അന്തിമ റിപ്പോർട്ട് നല്കാൻ ആയിരുന്നു നിർദേശം. ഉപഗ്രഹ സർവേക്കെതിരെ വ്യാപക പരാതികൾ ഉയർന്ന സാഹചര്യത്തിൽ ആണ് റിപ്പോർട്ട് നൽകാൻ കൂടുതൽ സമയം നൽകുന്നത്.ജനങ്ങളുടെ സംശയനിവാരണത്തിനായി പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് സജ്ജമാക്കുന്ന ഹെൽപ് ഡെസ്കുകൾ അടുത്തയാഴ്ച പ്രവർത്തനം തുടങ്ങും.ഉപഗ്രഹ സർവേയിലൂടെ തയാറാക്കിയ പ്രാഥമിക റിപ്പോർട്ടിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനും കൃത്യത ഉറപ്പാക്കാനുമാണ് വിദഗ്ധ സമിതിയെ നിയോഗിച്ചത്.
ബഫർസോണ്‍ പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ പരിധിയിലുള്ള പ്രദേശങ്ങളിലെ സ്ഥാപനങ്ങൾ, വീടുകൾ, മറ്റു നിർമിതികൾ സംബന്ധിച്ച റിപ്പോർട്ടിനെക്കുറിച്ചും ഇതുമായി ബന്ധപ്പെട്ട വിവരങ്ങളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ജനങ്ങളുടെ ശ്രദ്ധയിൽപെടും വിധം പ്രദർശിപ്പിക്കണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി നിർദേശം നൽകി. ഈ നടപടികൾ സംബന്ധിച്ച് പൊതുജനങ്ങളെ ബോധ്യപ്പെടുത്തുന്നതിന് ഇക്കോ സെൻസിറ്റീവ് സോൺ ബഫർ സോൺ ഉൾപ്പെടുന്ന വാർഡ് അടിസ്ഥാനത്തിൽ പ്രചാരണം നടത്തണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.