ഗൂഡല്ലൂർ: ഊട്ടി ബൊട്ടാണിക്കൽ ഗാർഡനിലെ കാഴ്ചകൾ ആസ്വദിക്കാൻ ബാറ്ററി കാർ സംവിധാനം പ്രവർത്തനം തുടങ്ങി. പ്രായമായവർക്കും ഭിന്നശേഷിക്കാർക്കുമായാണ് ബാറ്ററി കാർ സംവിധാനം ഏർപ്പെടുത്തിയത്.ഊട്ടിയിലെത്തുന്ന സഞ്ചാരികളുടെ പ്രധാന ആകർഷണമാണ് ബൊട്ടാണിക്കൽ ഗാർഡൻ. ഇറ്റാലിയൻ പാർക്ക്, ജാപ്പനീസ് പാർക്ക്, ഗ്ലാസ് ഹൗസ് മുതലായവ ഇവിടെയുണ്ട്. 55 ഏക്കർ വിസ്തൃതിയുള്ള ഈ പാർക്കിൽ വിവിധയിനം പൂച്ചെടികൾ നട്ടുപിടിപ്പിച്ചിരിക്കുന്നു. അതിൽ പൂക്കൾ വിരിയുന്നത് കാണാം. ഇതുകൂടാതെ വിദേശരാജ്യങ്ങളിൽ കാണപ്പെടുന്ന വിവിധയിനം ചെടികൾ, ഔഷധസസ്യങ്ങൾ, മരങ്ങൾ എന്നിവയുമുണ്ട്.
പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും ഗാർഡൻ നടന്നു കാണൽ പ്രയാസമേറിയതാണ്. ഇക്കാരണത്താൽ പാർക്കിൽ ബാറ്ററി സൗകര്യം ഏർപ്പെടുത്തണമെന്നത് വർഷങ്ങളായുള്ള ആവശ്യമാണ്. അതാണ് ഇപ്പോൾ യാഥാർഥ്യമായിരിക്കുന്നത്. 30 രൂപ ഫീസടച്ച് ഒരാൾക്ക് ബാറ്ററി കാറിൽ യാത്ര ചെയ്യാം. ആകെ എട്ട് പേർക്ക് ഒരേസമയം യാത്ര ചെയ്യാം. വാഹനം നിയന്ത്രിക്കാൻ ജീവനക്കാരുണ്ടാകും.