ന്യൂഡൽഹി: ബി.ബി.സി ഡോക്യുമെന്ററി പ്രദർശനത്തിന്റെ പേരിൽ കസ്റ്റഡിയിലെടുത്ത ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യ സർവകലാശാലയിലെ വിദ്യാർഥികളെ വിട്ടയച്ചു. മലയാളി വിദ്യാർഥികളടക്കം 16 പേരെയാണ് പൊലീസ് വിട്ടയച്ചത്. ഡൽഹി ഫത്തേപൂർ ബെരി പൊലീസ് സ്റ്റേഷനിലാണ് വിദ്യാർഥികളെ കസ്റ്റഡിയിൽ വെച്ചിരുന്നത്.
2002ലെ ഗുജറാത്ത് വംശഹത്യയിൽ നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്നു വ്യക്തമാക്കുന്ന ബി.ബി.സി ഡോക്യുമെന്ററി പ്രദർശനത്തെച്ചൊല്ലിയാണ് ഇന്നലെ ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യയിൽ സംഘർഷമുണ്ടായത്. ഡൽഹി പൊലീസിനു പുറമെ കലാപം നേരിടാനുള്ള ദ്രുതകർമസേനയെയും ഇറക്കിയാണ് മോദിയെ കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററി പ്രദർശനം ജാമിഅ മില്ലിയ്യ സർവകലാശാലയിൽ ബലപ്രയോഗത്തിലൂടെ തടഞ്ഞത്.
കടുത്ത നീക്കങ്ങളുമായി മുന്നോട്ടുപോയ ജാമിഅ അധികൃതർ സംഘാടകരായ വിദ്യാർഥി നേതാക്കളെ കരുതൽ തടങ്കലിലാക്കാൻ നീക്കം നടത്തുകയും കാമ്പസിന്റെ മുഴുവൻ കവാടങ്ങളും താഴിട്ടു പൂട്ടുകയും ചെയ്തു. പ്രദർശനം നടക്കില്ലെന്ന് ഉറപ്പുവരുത്താൻ കവാടത്തിനു പുറത്ത് സമാധാനപരമായി പ്രതിഷേധിച്ചവരെയും ബലം പ്രയോഗിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി.
ബുധനാഴ്ച വൈകീട്ട് ആറിന് ഡോക്യുമെന്ററി പ്രദർശനം നടത്തുമെന്ന് എസ്.എഫ്.ഐ പ്രഖ്യാപിച്ചതോടെ അധികൃതർ വിലക്കുമായി രംഗത്തു വരുകയായിരുന്നു. മുഴുവൻ വിദ്യാർഥി സംഘടനകളും പിന്തുണ പ്രഖ്യാപിച്ച പ്രദർശനത്തിന് നേതൃത്വം നൽകിയ അഞ്ചു പേരെയാണ് ആദ്യം കരുതൽ കസ്റ്റഡിയിലെടുത്തത്. പൊലീസ് നടപടിയിൽ പ്രതിഷേധിക്കാൻ കൊച്ചുസംഘങ്ങളായെത്തിയ വിദ്യാർഥികളെയെല്ലാം വഴിക്കുവഴിയായി പിടികൂടി ബലംപ്രയോഗിച്ച് വാഹനങ്ങളിൽ കയറ്റി കൊണ്ടുപോവുകയായിരന്നു.