മുംബൈ: ഏകദിന ലോകകപ്പിനുള്ള വേദികള്‍ ഐസിസി പ്രഖ്യാപിച്ചതോടെ തയ്യാറെടുപ്പുകള്‍ തുടങ്ങിയിരിക്കുകയാണ് ബിസിസിഐ. ക്രിക്കറ്റ് ലോകത്തെ ഏറ്റവും വലിയ ടൂര്‍ണമെന്‍റിന് സ്റ്റേഡിയങ്ങളെ സജ്ജമാക്കാന്‍ ബിസിസിഐ വലിയ പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. എല്ലാ സ്റ്റേഡിയങ്ങള്‍ക്കും 50 കോടി രൂപ വീതം ബിസിസിഐ നല്‍കും. മൂന്ന് മാസം മാത്രം ശേഷിക്കേ എല്ലാ സ്റ്റേഡിയങ്ങളിലും അറ്റകുറ്റപണികള്‍ നടത്തുന്നതിലും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമുള്ള തീവ്ര ശ്രമങ്ങളിലാണ് ബിസിസിഐ.
സ്റ്റേഡിയങ്ങളില്‍ പുതിയ ഫ്ലഡ്‌ലൈറ്റുകള്‍, പുതിയ ഡ്രസിംഗ് റൂമുകള്‍, ഇറക്കുമതി ചെയ്‌ത പുല്ലുകള്‍, മികച്ച ടിക്കറ്റ് വില്‍പന സൗകര്യം തുടങ്ങി വലിയ മാറ്റങ്ങള്‍ വരുത്താനാണ് ബിസിസിഐ ലക്ഷ്യമിടുന്നത്. ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിനും ഫൈനലിനും ഉള്‍പ്പടെ വേദിയാവുന്ന അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ പണികള്‍ ഇതിനകം തുടങ്ങിക്കഴിഞ്ഞു. സ്റ്റേഡിയത്തില്‍ പുതിയ പുല്ല് വച്ചുപിടിപ്പിക്കുന്ന ജോലി തുടരുകയാണ്. കൊല്‍ക്കത്തയിലെ വിഖ്യാതമായ ഈഡന്‍ ഗാര്‍ഡന്‍സിന്‍റെ പ്രൗഢി കൂട്ടാന്‍ പുതിയ ഡ്രസിംഗ് റൂം വരും. ലോകകപ്പിന് അപ്രതീക്ഷിത വേദിയായ ധരംശാലയില്‍ ഔട്ട്‌ഫീല്‍ഡ് മികച്ചതാക്കും. ഇറക്കുമതി ചെയ്‌ത പുല്ല് ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത്. പുനെയിലെ മഹാരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ പുതിയ മേല്‍ക്കൂര സ്ഥാപിക്കുന്നതും ദില്ലിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ കസേരകളും ശുചിമുറികളും മെച്ചപ്പെടുത്തുന്നതുമെല്ലാം അജണ്ടയിലുണ്ട്. ചെന്നൈയിലെ ചെപ്പോക്കിലും ലഖ്‌നൗ ഏകനാ സ്റ്റേഡിയത്തിലും പുതിയ പിച്ചുകള്‍ ലോകകപ്പിനായി ഒരുക്കും. ബെംഗളൂരുവിലെ എം ചിന്നസ്വാമി, മുംബൈയിലെ വാംഖഡെ എന്നിവിടങ്ങളിലും മാറ്റങ്ങള്‍ കൊണ്ടുവരും.
ഇക്കുറി ലോകകപ്പ് ടിക്കറ്റ് വില്‍പന പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയാക്കാനാണ് ബിസിസിഐയും ഐസിസിയും ആലോചിക്കുന്നത്. ജൂലൈ 1 മുതല്‍ ടിക്കറ്റ് വില്‍പന തുടങ്ങും എന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യ-പാക് മത്സരത്തിന് വേദിയാവുന്ന അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന്‍റെ പരിസരത്തും നഗരത്തിലും ഹോട്ടല്‍ റൂമുകള്‍ ഇതിനകം തന്നെ പൂര്‍ണമായും ബുക്ക് ചെയ്യപ്പെട്ടുകഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍.