മഴ എത്തിയതോടെ മഴക്കാലരോഗങ്ങളെ കുറിച്ചുള്ള ആശങ്കകളും തുടങ്ങുകയായി. പ്രധാനമായും കൊതുകുകള്‍ പരത്തുന്ന രോഗങ്ങളെ കുറിച്ചാണ് ഏറെയും ആശങ്കയുണ്ടാകാറ്. മലേരിയ, ചിക്കന്‍ ഗുനിയ, ഡെങ്കിപ്പനി തുടങ്ങി കൊതുകുകള്‍ വഴി പരക്കുകയും വ്യാപകമാവുകയും ചെയ്യുന്ന ഗുരുതരമായ രോഗങ്ങള്‍ പലതാണ്. നിലവില്‍ ഡെങ്കിപ്പനി കേസുകളാണ് കൂടുതലായും പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.
നാം ജീവിക്കുന്ന സാഹചര്യം, വീട്- അതിന്‍റെ ചുറ്റുപാട്, തൊഴിലിടം, പതിവായി ഇടപഴകുന്നയിടങ്ങള്‍ എന്നിവയെല്ലാം കൊതുകുമുക്തം ആണോയെന്ന് പരിശോധിക്കുകയാണ് ഈ വെല്ലുവിളികളൊഴിവാക്കാൻ ആദ്യം ചെയ്യേണ്ടത്. അല്ലെന്ന് മനസിലായിക്കഴിഞ്ഞാല്‍ കൊതുകുകളെ തുരത്താനുള്ള മാര്‍ഗങ്ങളും അവലംബിച്ചേ മതിയാകൂ.
ഇടയ്ക്ക് മഴ വിട്ടൊഴിയുന്ന സാഹചര്യം കൂടി നിലവിലുണ്ട്. ഈ അന്തരീക്ഷത്തിലാണ് കൊതുകുകള്‍ കൂടുതലായി പെരുകുന്നത്. അതുകൊണ്ട് നാം ജാഗ്രത പുലര്‍ത്തി മുന്നോട്ട് പോകേണ്ടതുണ്ട്.
എവിടെയും വെള്ളം കെട്ടിക്കിടക്കുന്നില്ലെന്ന് ഉറപ്പുവരുത്തുക. ചിരട്ടകള്‍, ഉപയോഗശൂന്യമായ പാത്രങ്ങള്‍, കോണ്‍ക്രീറ്റ് ചട്ടികള്‍, ടാങ്കുകള്‍, പൊട്ടിയ മറ്റ് പാത്രങ്ങള്‍ തുടങ്ങി ഒന്നിലും വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുത്. ഇത് കൃത്യമായി ഇടയ്ക്കിടെ പരിശോധിക്കേണ്ടതുണ്ട്.
ജോലിസ്ഥലങ്ങളിലാണെങ്കില്‍ വാട്ടര്‍ കൂളര്‍, ഉപേക്ഷിച്ച തെര്‍മോകോള്‍, കുപ്പി എന്നിവയിലെല്ലാമാണ് കൊതുകുകള്‍ കൂടുതലായും പെരുകാൻ സാധ്യത. അതിനാല്‍ അവിടങ്ങളില്‍ ഇക്കാര്യവും പരിശോധിക്കുക.
ഇനി ആര്‍ക്കെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുകയാണെങ്കില്‍ പരിശോധന നടത്തുന്നതിനോ രോഗം കണ്ടെത്തിയാല്‍ ചികിത്സ തുടങ്ങുന്നതിനോ വൈകിക്കരുതേ. ഇതിലൂടെ മറ്റുള്ളവര്‍ക്ക് കൂടി ജാഗ്രത പാലിക്കാൻ സാധിക്കും.
ഡെങ്കിപ്പനിയെ ( Dengue Fever ) സൂചിപ്പിക്കുന്ന പ്രധാന ലക്ഷണങ്ങള്‍ കൂടി അറിയാം.
1. തലവേദന
2. ശരീരവേദന
3. ഓക്കാനം
4. ഛര്‍ദ്ദി
5. കണ്ണ് വേദന
6. കഴുത്തില്‍ വീക്കം (ഗ്രന്ഥി വീങ്ങുന്നത്)
7. തളര്‍ച്ച
ഈ പ്രശ്നങ്ങളെല്ലാമാണ് പ്രധാനമായും ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളായി വരുന്നത്. ഈ ലക്ഷണങ്ങളേതെങ്കിലും കാണുന്നപക്ഷം തന്നെ ആശുപത്രിയിലെത്തി പരിശോധന നടത്തേണ്ടതാണ്.