എടപ്പാൾ : മേൽപാലം തുറന്നു നൽകിയ ആദ്യ ദിവസം ടൗണിലെ തിരക്ക് ഗണ്യമായി കുറഞ്ഞതായി വിലയിരുത്തൽ. കോഴിക്കോട് – തൃശൂർ പാതയിലൂടെ സഞ്ചരിക്കുന്ന ദീർഘദൂര വാഹനങ്ങളും ചെറുവാഹനങ്ങളും പാലത്തിന് മുകളിലൂടെയാണ് ഇന്നലെ ഉച്ച മുതൽ കടന്നുപോയത്. ഇതോടെ പൊന്നാനി – പട്ടാമ്പി റോഡിലെ വാഹനങ്ങൾക്ക് സുഗമമായി സഞ്ചരിക്കാൻ സാധിച്ചു. അതേസമയം ഇരു വശത്തും പാലത്തിലൂടെ ഇറങ്ങി വരുന്ന വാഹനങ്ങളും താഴെ റോഡിൽക്കൂടി കടന്നു പോകുന്ന വാഹനങ്ങളും തമ്മിൽ കൂട്ടിയിടിച്ച് അപകടം സംഭവിക്കാതിരിക്കാൻ ഡിവൈഡറുകൾ സ്ഥാപിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
പാലത്തിന് താഴെക്കൂടി സഞ്ചരിക്കുന്ന വാഹനങ്ങൾ മറുവശത്തേക്ക് തിരിയുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടങ്ങൾ ഉണ്ടാകും. കുറ്റിപ്പുറം റോഡിൽനിന്ന് പട്ടാമ്പി റോഡിലേക്കും പൊന്നാനി റോഡിലേക്കും തിരിയേണ്ട വലിയ വാഹനങ്ങൾ പാലത്തിന് താഴെ കുടുങ്ങാനുള്ള സാധ്യതയും തള്ളാനാകില്ല.സ്വകാര്യ, കെഎസ്ആർടിസി ബസുകൾ നിർദേശിച്ച സ്ഥലത്ത് നിർത്താതെ പാലത്തോടു ചേർന്ന് നിർത്തിയിട്ടാലും കുരുക്കിന് ഇടയാക്കും. നിലവിൽ ഇതിനായി കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. പാലത്തിന് താഴെയും ടൗണിനോടു ചേർന്ന റോഡുകളിലും അനധികൃതമായി നിർത്തിയിടുന്ന വാഹനങ്ങൾ പിടികൂടി പിഴ ഈടാക്കാൻ തുടങ്ങി.