തിരുവനന്തപുരം: വെള്ളനാട് കരടി കിണറ്റില്‍ വീണ് ചത്ത സംഭവത്തില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. കിണറ്റില്‍ വീണ കരടിയുടേത് മുങ്ങിമരണമാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. കരടിയുടെ ശരീരത്തില്‍ മറ്റ് പരുക്കുകള്‍ ഉണ്ടായിരുന്നില്ലെന്നും അവയവങ്ങള്‍ക്ക് പ്രശ്നമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചത്ത കരടിയുടെ പ്രായം പത്ത് വയസിന് അടുത്താണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സംഭവത്തില്‍ വനം വകുപ്പ്, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനോട് റിപ്പോര്‍ട്ട് തേടിയിരുന്നു.
അതേസമയം കരടി ചത്ത സംഭവത്തില്‍ പീപ്പിള്‍ ഫോര്‍ ആനിമല്‍ കോടതിയിലേക്ക്. പീപ്പിള്‍ ഫോര്‍ ആനിമല്‍ തിരുവനന്തപുരം ചാപ്റ്റര്‍ നാളെ ഹൈക്കോടതിയെ സമീപിക്കും. ചട്ടങ്ങള്‍ ലംഘിച്ചുള്ള മയക്ക് വെടിയില്‍ ഉത്തരവാദിത്തപ്പെട്ടവര്‍ക്കെതിരെ നടപടി വേണം എന്നാണ് പീപ്പിള്‍ ഫോര്‍ ആനിമല്‍ സംഘടനയുടെ ആവശ്യം. പ്രാഥമിക നടപടിക്രമങ്ങള്‍ പോലും പാലിക്കാതെയാണ് കരടിയെ മയക്ക് വെടിവച്ചത് എന്നാണ് പീപ്പിള്‍ ഫോര്‍ ആനിമല്‍ ആരോപിക്കുന്നത്. കിണറ്റില്‍ വീണപുറത്തെത്തിക്കാനുള്ള വനം വകുപ്പ് ദൗത്യം പാളിയതോടെ വെള്ളത്തില്‍ മുങ്ങിയാണ് കരടി ചത്തത്.