ദില്ലി: അധ്യാപികയുടെ നിർദ്ദേശപ്രകാരം സഹപാഠികൾ മർദ്ദിച്ച സംഭവത്തിൽ മർദ്ദനമേറ്റ കുട്ടിയുടെ മൊഴി പുറത്ത്. ഒരു മണിക്കൂർ നേരം മർദ്ദനമേറ്റെന്നാണ് കുട്ടിയുടെ മൊഴി. അഞ്ചിൻ്റെ ഗുണന പട്ടിക പഠിക്കാത്തതിനായിരുന്നു മർദ്ദനം. അധ്യാപിക ഭീഷണിപ്പെടുത്തിയെന്നും രണ്ടാം ക്ലാസുകാരന്റെ മൊഴിയിൽ പറയുന്നു. ഒരു മണിക്കൂർ നേരം തന്നെ സഹപാഠികൾ മർദ്ദിച്ചുു. താൻ അവശനായി. തന്റെ സഹോദരനാണ് വീഡിയോ പകർത്തിയത്. സഹോദരൻ മറ്റൊരു ആവശ്യത്തിനായി സ്കൂളിലെത്തിയതായിരുന്നു. അപ്പോഴാണ് സഹപാഠികൾ മർദ്ദിക്കുന്നത് കണ്ടതെന്നും കുട്ടിയുടെ മൊഴിയിലുണ്ട്.
ഇന്നലെ സംഭവത്തിൽ ന്യായീകരണവുമായി അധ്യാപിക തൃപ്ത ത്യാഗി രംഗത്തെത്തിയിരുന്നു. താൻ ഭിന്നശേഷിക്കാരിയാണ്. ശാരീരിക പരിമിതി ഉള്ളതുകൊണ്ടാണ് കുട്ടികളോട് അടിക്കാൻ നിർദ്ദേശിച്ചതെന്നാണ് തൃപ്ത ത്യാഗിയുടെ പ്രതികരണം. കഴിഞ്ഞ ദിവസമാണ് സഹപാഠികളെക്കൊണ്ട് വിദ്യാർത്ഥിയുടെ മുഖത്തടിക്കാൻ അധ്യാപിക നിർദ്ദേശിച്ചത്. കൂടാതെ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും മർദ്ദിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെ അധ്യാപികക്കെതിരെ കേസെടുത്തിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് വിഷയത്തിൽ പ്രതികരണവുമായി അധ്യാപിക രംഗത്തെത്തിയത്.