ചിറയിൻകീഴ് : ചിറയിൻകീഴ് ഗ്രാമപ്പഞ്ചായത്തിൽ ഉൾപ്പെടുന്ന മേൽകടയ്ക്കാവൂർ പഴഞ്ചിറകുളത്തിന്റെ ജൈവവൈവിധ്യ പഠനത്തിനു തുടക്കമായി. ജില്ലയിലെ ഏറ്റവും വലിയ ശുദ്ധജല കുളങ്ങളിൽ ഒന്നാണ് ഒന്നാം വാർഡിലെ പഴഞ്ചിറകുളം. പത്ത് ഏക്കറോളം വിസ്തൃതിയുള്ളതും ജലസമൃദ്ധിയുമുള്ള കുളത്തിലെ ജൈവവൈവിധ്യങ്ങളെക്കുറിച്ച് സംസ്ഥാന ജൈവ വൈവിധ്യബോർഡാണ് പഠനം നടത്തുന്നത്. ഗ്രാമപ്പഞ്ചായത്തിലെ ജൈവവൈവിധ്യ പരിപാലന സമിതിയുമായി ചേർന്നാണ് വിവരസമാഹരണം നടത്തുന്നത്. പഴഞ്ചിറകുളം, സസ്യ, ജീവജാലങ്ങളുടെ വിവരം, അവയുടെ ആവാസവ്യവസ്ഥ, വൈവിധ്യങ്ങൾ, വെല്ലുവിളികൾ എന്നിവയാണ് പഠനവിഷയമാക്കുന്നത്.സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ജില്ലാ കോ-ഓർഡിനേറ്റർ ഡോ. അഖില എസ്.നായരാണ് നേതൃത്വം നൽകുന്നത്. നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ് പഴഞ്ചിറ കുളം. കഴിഞ്ഞ 13-നാണ് പഠനം ആരംഭിച്ചത്.
പുലർച്ചെ 6.30-ന് തുടങ്ങിയ വിവര ശേഖരണം വൈകിയും തുടർന്നു. വിവിധ മേഖലകളിലുള്ള ഇരുപത്തഞ്ചോളം പേർ ആറ് സംഘമായി തിരിഞ്ഞാണ് വിവരങ്ങൾ ശേഖരിച്ചത്. വിവിധങ്ങളായ സസ്യജാലങ്ങൾ, ചിത്രശലഭങ്ങൾ, പക്ഷികൾ, ദേശാടനപ്പക്ഷികൾ, തുമ്പി വർഗം, ശുദ്ധജല മത്സ്യങ്ങൾ, ജീവിവർഗം തുടങ്ങിയവയെ പട്ടികപ്പെടുത്തിയിട്ടുണ്ടെന്ന് ഡോ. അഖില എസ്.നായർ പറഞ്ഞു. ചിറയിലെ സൂക്ഷ്മജീവികളെക്കുറിച്ചുള്ള പഠനം നടന്നിട്ടില്ല. ആവശ്യമെങ്കിൽ തുടർപഠനത്തിൽ അത് ഉൾപ്പെടുത്തും. പഴഞ്ചിറയിൽനിന്ന് ലഭിച്ച ജീവി, സസ്യ, പക്ഷി, ജന്തുജാലങ്ങളുടെ വിവരവിശകലനം ആരംഭിച്ചിട്ടില്ല.
അടുത്തമാസത്തോടെ പഠനം പൂർത്തിയാക്കി വിശദമായ റിപ്പോർട്ട് പുറത്തിറക്കാനാകുമെന്ന് ഡോക്ടർ അഖില പറഞ്ഞു. അധിനിവേശ സസ്യങ്ങളുടെ ഗണത്തിൽപ്പെടുത്താവുന്ന ആഫ്രിക്കൻ പായൽ, കുളവാഴ എന്നിവയുടെ സാന്നിധ്യവും കണ്ടെത്തി. ജില്ലയിൽ പഴഞ്ചിറയെ കൂടാതെ കഠിനംകുളം കായൽ, കരിച്ചാൽ കായൽ എന്നിവിടങ്ങളിലും ജൈവ വൈവിധ്യബോർഡ് പഠനം നടത്തുന്നുണ്ട്. സംസ്ഥാന ഹരിതകേരള ദൗത്യ പ്രതിനിധിയും പഠനത്തിൽ പങ്കെടുത്തു.