തിരുവനന്തപുരം: ചില പൊലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം പൊലീസ് സേനക്ക് അപമാനമുണ്ടാക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒറ്റപ്പെട്ട സംഭവങ്ങൾ സമൂഹം ഗൗരവമായി നിരീക്ഷിക്കുന്നുണ്ട്. വിമർശനങ്ങളിൽ പൊലീസ് അസ്വസ്ഥത കാണിക്കേണ്ടതില്ലെന്നും തെറ്റ് ചെയ്യുന്ന ഒരാളെയും സംരക്ഷിക്കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
”ആരുടെയും കഞ്ഞികുടി മുട്ടിക്കുക എന്നുള്ളത് സർക്കാരിന്റെ നയമല്ല. പക്ഷേ തെറ്റിനെ അംഗീകരിച്ചു പോകാൻ കഴിയില്ല. തെറ്റ് പൊലീസ് സേനയുടെ ഭാഗത്താകുമ്പോൾ പൊലീസ് സേനക്ക് ചേരാത്ത രീതിയിലുള്ള തെറ്റ് പൊലീസുകാരന്റെയോ പൊലീസുകാരിയുടെയോ ഭാഗത്ത് നിന്നുണ്ടായാൽ അതിനോട് ഒരു തരത്തിലുളള വിട്ടുവീഴ്ചയും കാണിക്കാൻ പറ്റില്ല. തെറ്റ് ചെയ്യുന്ന ഒരാളെയും സംരക്ഷിക്കേണ്ട കാര്യമില്ല. തെറ്റ് ചെയ്തവർ സേനക്കകത്ത് തുടരുക എന്നത്, അത് പൊലീസിന്റെ യശസ്സിനെയാണ് പ്രതികൂലമായി ബാധിക്കുക” എന്നും മുഖ്യമന്ത്രി പറഞ്ഞു.