ന്യൂഡൽഹി: കർണാടക മുഖ്യമന്ത്രി സ്ഥാനത്തിൽ കുറഞ്ഞതൊന്നും വേണ്ടെന്നും ഇല്ലെങ്കിൽ വെറും എം.എൽ.എ മാത്രമായി തുടരുമെന്നും വാശി പിടിച്ചു നിന്ന ഡി.കെ ശിവകുമാർ എന്ന അതികായൻ മുട്ടുമടക്കിയത് സോണിയ ഗാന്ധിക്ക് മുന്നിൽ. ബുധനാഴ്ച രാത്രി വരെ മുഖ്യമന്ത്രി സ്ഥാനം വേണമെന്നും പൂർണ ടേം ആവശ്യമാണെന്നുമായിരുന്നു ഡി.കെയുടെ നിർബന്ധം. പൂർണ ടേമില്ലെങ്കിൽ ആദ്യ ടേമിൽ മുഖ്യമന്ത്രിയാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഉപ മുഖ്യമന്ത്രിയാകാനില്ലെന്നും മുഖ്യമന്ത്രിയാക്കുന്നില്ലെങ്കിൽ മന്ത്രിസഭയിലേക്കില്ലാതെ എം.എൽ.എയായി തുടരുമെന്നുമായിരുന്നു ഡി.കെ മുന്നോട്ടുവെച്ചത്. എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഉൾപ്പെടെ പലരും പല തവണ പല തരത്തിൽ ചർച്ചകൾ നടത്തിയെങ്കിലും തീരുമാനമായില്ല.
ഡി.കെക്കൊപ്പം സിദ്ധരാമയ്യയും മുഖ്യമന്ത്രി സ്ഥാനത്തിന് വാശി പിടിച്ചു നിൽക്കുകയായിരുന്നു. സിദ്ധരാമയ്യക്കാണെങ്കിൽ എം.എൽ.എമാരുടെ പിന്തുണ കൂടുതലുണ്ട്. കൂടാതെ, ക്ലീൻ ട്രാക്കും. പൊതുതെരഞ്ഞെടുപ്പ് വരെയെങ്കിലും ക്ലീൻ ട്രാക്കുള്ളയാൾ മുഖ്യമന്ത്രിയാകണമെന്നായിരുന്നു കോൺഗ്രസിന്റെ താത്പര്യം.താനാണ് കർണാടക തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ വിജയത്തിലേറാൻ സഹായിച്ചതെന്നും അതിന് കഠിനാധ്വാനം ചെയ്തതെന്നും മുഖ്യമന്ത്രി സ്ഥാനത്തിന് അർഹത തനിക്കാണെന്നും ശിവകുമാർ നേതൃത്വത്തെ അറിയിച്ചു.തന്റെ ആവശ്യത്തിൽ നിന്ന് അണുവിട വ്യതിചലിക്കാതിരുന്ന ശിവകുമാറിനെ അനുനയിപ്പിക്കാൻ ഒടുവിൽ മുൻ അധ്യക്ഷ സോണിയ ഗാന്ധി തന്നെ രംഗത്തിറിങ്ങി. ബുധനാഴ്ച രാത്രി വൈകി സോണിയ ഗാന്ധിയുമായി സംസാരിച്ചതിനു ശേഷമാണ് ശിവകുമാർ പാർട്ടിക്ക് വഴങ്ങിയത്. ഉപമുഖ്യമന്ത്രി സ്ഥാനവും 2024 ലെ പൊതു തെരഞ്ഞെടുപ്പ് വരെ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷ സ്ഥാനവും ഏൽക്കാമെന്ന് ശിവകുമാർ സോണിയക്ക് ഉറപ്പ് നൽകുകയായിരുന്നു. അതോടെയാണ് അഞ്ചു ദിവസം നീണ്ടു നിന്ന അനിശ്ചിതാവസ്ഥക്ക് വിരാമമായത്.