ന്യൂഡൽഹി ∙ സീരിയൽ കില്ലറായ ഡെക്സ്റ്റർ മോർഗന്റെ കഥ പറഞ്ഞ അമേരിക്കൻ ടിവി പരമ്പരയായ ‘ഡെക്സ്റ്ററി’ൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് അഫ്ദാബ് അമീൻ പൂനവാല എന്ന ഇരുപത്തെട്ടുകാരൻ ജീവിത പങ്കാളിയെ കൊലപ്പെടുത്തി കഷണങ്ങളാക്കി വലിച്ചെറിഞ്ഞതെന്ന് ഡൽഹി പൊലീസ്. ഈ വർഷം മേയിൽ ശ്രദ്ധ വാൽക്കർ എന്ന യുവതിയെ കൊലപ്പെടുത്തി 35 കഷ്ണങ്ങളാക്കി പലയിടങ്ങളിലായി വലിച്ചെറിഞ്ഞ കേസിൽ ശനിയാഴ്ചയാണ് ഡൽഹി പൊലീസ് അഫ്താബ് അമീനെ അറസ്റ്റ് ചെയ്തത്. ശ്രദ്ധയെ തട്ടിക്കൊണ്ടു പോയതായി കാട്ടി പിതാവ് നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
കൊലപ്പെടുത്തി 35 കഷണങ്ങളാക്കി ഫ്രിജിൽ സൂക്ഷിച്ച ശ്രദ്ധയുടെ മൃതദേഹം പലദിവസങ്ങളിലായി പുലർച്ചെ രണ്ടു മണിയോടെ മെഹ്‌റൗളി വനമേഖലയിൽ വലിച്ചെറിഞ്ഞെന്നാണ് മെഹ്താബ് അമീനെതിരായ കേസ്. ഫ്രിജിൽ സൂക്ഷിച്ച സമയത്ത് ദുർഗന്ധം പുറത്തുവരാതിരിക്കാൻ അഫ്താബ് അമീൻ എന്നും ചന്ദനത്തിരികൾ കത്തിച്ചിരുന്നതായും പൊലീസ് പറയുന്നു.
ശ്രദ്ധയെ കൊലപ്പെടുത്തി 35 കഷണങ്ങളാക്കിയ അഫ്താബ് അമീൻ, അതെല്ലാം സൂക്ഷിക്കാനായി 300 ലീറ്ററിന്റെ പുതിയ ഫ്രിജ് വാങ്ങിയെന്നും പൊലീസ് പറയുന്നു. തുടർന്ന് അടുത്ത 18 ദിവസങ്ങളിലായി പുലർച്ചെ രണ്ടു മണിയോടെ ഓരോ ഭാഗവുമെടുത്ത് മെഹ്റൗളി വനമേഖലയുടെ വിവിധ ഭാഗങ്ങളിലായി ഉപേക്ഷിച്ചു.
മുൻപ് ഷെഫായി ജോലി ചെയ്തിട്ടുള്ള അഫ്താബ്, ഇറച്ചിക്കത്തി ഉപയോഗിക്കുന്നതിലെ പരിചയത്തിലാണ് ശ്രദ്ധയുടെ മൃതദേഹം 35 കഷണങ്ങളാക്കിയത്. ഫൊറൻസിക് വിദഗ്ധനായ ഡെക്സറ്റർ മോർഗൻ എന്നയാൾ രാത്രി കാലങ്ങളിൽ സീരിയൽ കില്ലറായി മാറുന്ന യുഎസ് ടിവി പരമ്പരയിൽനിന്ന് ഇയാൾ പ്രചോദനം സ്വീകരിച്ചിരുന്നതായി പൊലീസ് പറയുന്നു.
വീട്ടുകാരുടെ അതൃപ്തി അവഗണിച്ച് അഫ്താബ് അമീനൊപ്പം ജീവിക്കാനായി വീടുവിട്ട ശ്രദ്ധയെ, അഞ്ച് മാസം മുൻപുണ്ടായ വഴക്കിനൊടുവിൽ അഫ്താബ് കൊലപ്പെടുത്തിയെന്നാണ് കേസ്. മകളെക്കുറിച്ച് വിവരമൊന്നും ഇല്ലാത്തതിനെ തുടർന്ന് അന്വേഷിച്ച് ഡൽഹിയിലെത്തിയ പിതാവ്, തുടർന്ന് പൊലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അഫ്താബ് ശ്രദ്ധയെ മേയ് 18ന് കൊലപ്പെടുത്തിയതായി തെളിഞ്ഞത്. വിവാഹം ചെയ്യണമെന്ന് ശ്രദ്ധ നിർബന്ധിച്ചതിനെ തുടർന്നുണ്ടായ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്.
അഫ്താബ് അമീനെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇയാളുമൊത്ത് നടത്തിയ പരിശോധനയിൽ മെഹ്റൗളി വനമേഖലയിൽ നടത്തിയ പരിശോധനയിൽ ഏതാനും മൃതദേഹ ഭാഗങ്ങൾ കണ്ടെടുത്തതായി റിപ്പോർട്ടുണ്ട്. അതേസമയം, ഇത് മനുഷ്യന്റെ ശരീരഭാഗങ്ങളാണോ എന്ന് വിദഗ്ധ പരിശോധയിലൂടെയേ തിരിച്ചറിയാനാകൂ.