കറ്റാര്‍വാഴയെ കുറിച്ച് കേട്ടിട്ടില്ലാത്തവരുണ്ടാകില്ല. ഇതിന്‍റെ ഔഷധഗുണങ്ങള്‍ അത്രമാത്രം പേരുകേട്ടതാണ്. പ്രധാനമായും ചര്‍മ്മത്തിനും മുടിക്കുമാണ് കറ്റാര്‍വാഴ ഏറെ പ്രയോജനപ്പെടുന്നത്. ഇന്ന് ധാരാളം വീടുകളില്‍ കറ്റാര്‍വാഴ വളര്‍ത്താറുണ്ട്. ഇത് ചര്‍മ്മത്തിലോ മുടിയിലോ എല്ലാം പുറത്തുതന്നെ തേക്കാവുനനതാണ്. ഇതിന് പുറമെ കറ്റാര്‍വാഴ ജ്യൂസാക്കിയും ഉപയോഗിക്കാവുന്നതാണ്.
ഇത്തരത്തില്‍ കറ്റാര്‍വാഴ കഴിക്കാമെന്നതിനെ കുറിച്ച് അറിവില്ലാത്തവര്‍ ഏറെയാണ്. കറ്റാര്‍വാഴ പുറമെക്കുള്ള ഉപയോഗത്തിന് മാത്രമേ ഉപകരിക്കൂ എന്ന് മാത്രം മനസിലാക്കിയിട്ടുള്ളവരാണ് അധികവും.
ധാരാളം ആരോഗ്യഗുണങ്ങള്‍ കറ്റാര്‍വാഴ ജ്യൂസ് കഴിക്കുന്നത് കൊണ്ടുണ്ടാകാം. ഇതില്‍ 96 ശതമാനവും വെള്ളമാണ് അടങ്ങിയിരിക്കുന്നത്. അതായത് ശരീരത്തില്‍ ജലാംശം പിടിച്ചുനിര്‍ത്താൻ ഇത് ഏറെ സഹായിക്കുന്നു. സ്വാഭാവികമായും ഇത് ചര്‍മ്മത്തെയും നല്ലരീതിയില്‍ സ്വാധീനിക്കാം. ഇതിന് പുറമെ വൈറ്റമിൻ എ, ബി, സി, ഇ, അമിനോ ആസിഡ് എന്നിങ്ങനെ ശരീരത്തിന് ഗുണപ്പെടുന്ന ഒരുപിടി ഘടകങ്ങള്‍ കറ്റാര്‍വാഴയില്‍ അടങ്ങിയിട്ടുണ്ട്.
ഇവയെല്ലാം തന്നെ വണ്ണം കുറയ്ക്കുന്നതിനും, ദഹനപ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനും, ചര്‍മ്മം മനോഹരമാക്കുന്നതിനും, മുടി ആരോഗ്യമുറ്റതാക്കുന്നതിനുമെല്ലാം സഹായകമാണ്. ഷുഗര്‍ നിയന്ത്രിക്കുന്നതിനും, ശരീരത്തില്‍ നിന്ന് വിഷാംശം പുറന്തള്ളുന്നതിനും, വിളര്‍ച്ചയ്ക്ക് ആശ്വാസം നല്‍കുന്നതിനും, ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും, രോഗ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനും കറ്റാര്‍വാഴ ജ്യൂസ് പ്രയോജനപ്പെടുന്നു.
കറ്റാര്‍വാഴ ജ്യൂസ് എങ്ങനെ തയ്യാറാക്കാം?
കറ്റാര്‍വാഴ നീളത്തില്‍ മുറിച്ചെടുക്കുക. ഇനിയിതിന്‍റെ തൊലി കളയണം. കത്തിയുപയോഗിച്ച് നേരിയ രീതിയില്‍ ഇത് ചീന്തിയെടുക്കാവുന്നതാണ്. ഒരു വശത്തെ തൊലി കളഞ്ഞ ശേഷം സ്പൂണ്‍ വച്ച് ഇതിന്‍റെ ജെല്‍ ഭാഗം മാറ്റിയെടുക്കുന്നതാണ് എളുപ്പം.
ഇനിയിത് മിക്സിയിലിട്ട് അല്‍പംവെള്ളം കൂടി ചേര്‍ത്ത ശേഷം ജ്യൂസാക്കിയെടുക്കാം. ഈ ജ്യൂസ് അരിച്ചെടുത്ത ശേഷം ഇതിലേക്ക് അല്‍പം നാരങ്ങാനീരും ഉപ്പും ചേര്‍ക്കുക. കറ്റാര്‍വാഴ ജ്യൂസ് തയ്യാര്‍. ഇത് ഒരു ചെറിയ കപ്പ് കഴിച്ചാല്‍ തന്നെ ആരോഗ്യത്തിന് മെച്ചമാണ്.