വ്യായാമത്തിന്‍റെ ഏറ്റവും ലളിതവും ഫലപ്രദവുമായ ഒന്നാണ് നടത്തം. ദിവസവും നടക്കുന്നത് ആരോഗ്യത്തിന് ഏറെ പ്രയോജനകരമാണ്. ശരീരത്തിന്‍റെ ആരോഗ്യത്തിന് മാത്രമല്ല, മാനസികാരോഗ്യത്തിനും നടക്കുന്നത് നല്ലതാണ്. ദിവസവും 30 മിനിറ്റ് നടക്കുന്നതിന്‍റെ പ്രയോജനങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം:
ദിവസവും 30 മിനിറ്റ് നടക്കുന്നത് പതിവാക്കിയാല്‍ ഹൃദയ സംബന്ധമായ അസുഖങ്ങളെ തടയാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുമെന്നാണ് അമേരിക്കൻ ജേണൽ ഓഫ് പ്രിവന്‍റീവ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നത്. പതിവായി നടക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും കൊളസ്ട്രോളിനെ കുറയ്ക്കാനും സഹായിക്കും. അതിലൂടെയും ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കും.
ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കാനും പതിവായുള്ള നടത്തം സഹായിക്കും. ശരീരത്തിലെ കലോറി എരിച്ച് കളയാനും ശരീരഭാരം കുറയ്ക്കാനും ദിവസവും ഇത്തരത്തില്‍ നടക്കുന്നത് നല്ലതാണ്. മാനസിക സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കാനും മൊത്തത്തിലുള്ള മാനസികാരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കും.
പതിവായി നടക്കുന്നത് എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും അസ്ഥികളുടെ സാന്ദ്രത മെച്ചപ്പെടുത്താനും ഗുണം ചെയ്യും. ദഹനം മെച്ചപ്പെടുത്താനും വയര്‍ വീര്‍ത്തിരിക്കുന്നത് തടയാനും മലബന്ധത്തെ തടയാനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും പതിവായുള്ള നടത്തം ഗുണം ചെയ്യും. ശരീരത്തിന് ഉന്മേഷം ഉണ്ടാകാനും ക്ഷീണത്തെ തടയാനും ശരീരത്തിന് ഊര്‍ജ്ജം ലഭിക്കാനും പതിവായി നടക്കുന്നത് നല്ലതാണ്. അതുപോലെ രോഗ പ്രതിരോധശേഷി കൂട്ടാനും ശരീരത്തിന്‍റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ഇത് ഗുണം ചെയ്യും.