കൊൽക്കത്ത: തൃണമുൽ കോൺഗ്രസ് നേതാവും സന്ദേശ്ഖലിയിൽ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിയുമായ ഷാജഹാൻ ഷെയ്ഖിനെ ഒടുവിൽ കസ്റ്റഡിയിലെടുത്ത് സി.ബി.ഐ. സംസ്ഥാന സി.ഐ.ഡി വിഭാഗവുമായുള്ള പോരിന് ശേഷമാണ് സി.ബി.ഐക്ക് ഷെയ്ഖിനെ ബുധനാഴ്ച വൈകീട്ട് 6.45ന് വിട്ടുകൊടുത്തത്.കേസ് സി.ബി.ഐ ഏറ്റെടുക്കുന്നത് ശരിവെച്ച കൽക്കത്ത ഹൈകോടതി, ഷെയ്ഖിനെ സി.ബി.ഐക്ക് സി.ഐ.ഡി വിഭാഗം കൈമാറാണമെന്ന് ചൊവ്വാഴ്ച ഉത്തരവിട്ടിരുന്നു. സി.ഐ.ഡി ആസ്ഥാനമായ ഭവാനി ഭവന് മുന്നിൽ രണ്ട് മണിക്കൂർ കാത്തുനിന്നെങ്കിലും സി.ബി.ഐക്ക് ഷെയ്ഖിനെ കൈമാറിയിരുന്നില്ല.
ഹൈകോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സുപ്രിംകോടതിയെ സമീപിച്ചതിനാൽ ഷെയ്ഖ് തങ്ങളുടെ കസ്റ്റഡിയിൽ തുടരുമെന്നായിരുന്നു സി.ഐ.ഡിയുടെ മറുപടി. തുടർന്നാണ് സി.ബി.ഐ ബുധനാഴ്ച വീണ്ടും ഹൈകോടതിയിലെത്തിയത്. കഴിഞ്ഞ ദിവസത്തെ ഉത്തരവ് ഉടൻ നടപ്പാക്കാൻ കോടതി നിർദേശം നൽകുകയായിരുന്നു. ബുധനാഴ്ച വൈകീട്ട് 4.15നകം ഷെയ്ഖിനെ സി.ബി.ഐക്ക് കൈമാറാനുള്ള അന്ത്യശാസനമായിരുന്നു നൽകിയത്.അതിനിടെ, വിഷയത്തിൽ പശ്ചിമ ബംഗാൾ സർക്കാരിനെതിരെ കോടതിയലക്ഷ്യ ഹർജി നൽകാൻ കൊൽക്കത്ത ഹൈകോടതി ബുധനാഴ്ച ഇ.ഡിക്ക് അനുമതി നൽകി.
കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനുള്ള വിലപ്പെട്ട സമയം സി.ബി.ഐക്ക് നഷ്ടപ്പെടുകയാണെന്ന് ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ ആരോപിച്ചരുന്നു. ജസ്റ്റിസുമാരായ ഹരീഷ് ടാണ്ഡൻ, ഹിരണ്മയ് ഭട്ടാചാര്യ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി നൽകാൻ ഹരജിക്ക് അനുമതി നൽകിയത്.