ദില്ലി: ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുമായും തൃണമൂൽ സർക്കാരുമായും കൂടുതൽ അടുക്കുന്നു എന്ന ബംഗാൾ ബിജെപിയുടെ പരാതിയിൽ പ്രതികരിക്കാതെ പശ്ചിമബംഗാൾ ഗവർണർ സിവി ആനന്ദബോസ്. വിവാദങ്ങളെ കുറിച്ചുള്ള ചോദ്യങ്ങളോട് താൻ മാവിലാക്കാരൻ ആണെന്ന് ആനന്ദബോസ് മറുപടി പറഞ്ഞു. ദില്ലിയിൽ ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഞാൻ ദില്ലിയിൽ വന്നത് പരീക്ഷ പെ ചർച്ചയിൽ പങ്കെടുക്കാനും പുതിയ പുസ്തക പ്രസാധന ആവശ്യത്തിനും വേണ്ടിയാണ്. ബംഗാളി ഭാഷാ പഠിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. ഒൻപത് വയസുകാരിയിൽ നിന്നാണ് താൻ പഠനം തുടങ്ങുന്നത്. ഭരത മുനിയിൽ നിന്നാണ് ഭാരതം എന്ന വാക്ക് ഉണ്ടായത്, വിദ്യാർത്ഥികൾക്ക് തൻ്റെ എളിയ സന്ദേശം നൽകാനാണ് ദില്ലിയിൽ എത്തിയത് എന്നും ബംഗാൾ ഗവർണർ പറഞ്ഞു.
ബംഗാൾ ഗവർണർ സി വി ആനന്ദബോസിനെതിരെ ബംഗാൾ ബിജെപിയിൽ ഒരു വിഭാഗം നേതാക്കൾ നേരത്തെ രംഗത്തെത്തിയിരുന്നു. തൃണമൂൽ സർക്കാരുമായി ഗവർണർ കൂടുതൽ അടുക്കുന്നുവെന്നാണ് ഇവരുടെ പരാതി. ഇവർ ബിജെപി കേന്ദ്ര നേതൃത്വത്തിന് പരാതിയും നൽകി. ഇതിനിടെയാണ് ആനന്ദബോസ് ദില്ലിയിലെത്തിയത്. കേന്ദ്ര സർക്കാർ വിളിപ്പിച്ചിട്ടാണ് ഗവർണർ ദില്ലിയിലെത്തിയതെന്ന് സൂചനയുണ്ട്.ദില്ലിയിലെത്തിയ ഗവർണർ ഇന്ന് അമിത് ഷായെ കണ്ടേക്കും. എന്നാൽ ഔദ്യോഗികാവശ്യങ്ങൾക്ക് വേണ്ടി എത്തിയതെന്നാണ് ഗവർണ്ണറോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്.