കൊൽക്കത്ത: അന്വേഷണത്തിന്‍റെ വിവിധ ഘട്ടങ്ങളിലുള്ള വിവിധ അഴിമതികളെക്കുറിച്ച് സമഗ്രമായ റിപ്പോർട്ട് ഉടൻ സമർപ്പിക്കണമെന്ന് മുഖ്യമന്ത്രി മമത ബാനർജിയോട് ആവശ്യപ്പെട്ട് പശ്ചിമ ബംഗാൾ ഗവർണർ സി. വി. ആനന്ദ ബോസ്.
സംസ്ഥാന ഭരണകാര്യങ്ങളും നിയമനിർമാണത്തിനുള്ള നിർദ്ദേശങ്ങളും സംബന്ധിച്ച മന്ത്രിമാരുടെ സമിതിയുടെ എല്ലാ തീരുമാനങ്ങളും ഓരോ സംസ്ഥാനത്തിന്‍റെയും മുഖ്യമന്ത്രി അതത് ഗവർണർമാരുമായി ആശയവിനിമയം നടത്തേണ്ടതുണ്ടെന്ന് ഭരണഘടനയെ ഉദ്ധരിച്ച് ഗവർണർ പറഞ്ഞു.
“അന്വേഷണത്തിന്‍റെ വിവിധ ഘട്ടങ്ങളിലുള്ള വിവിധ അഴിമതി കേസുകളെ കുറിച്ചുള്ള സമഗ്രമായ റിപ്പോർട്ട് അടിയന്തര പ്രാബല്യത്തോടെ സമർപ്പിക്കാൻ പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദ ബോസ് മുഖ്യമന്ത്രി മമത ബാനർജിയോട് നിർദ്ദേശിച്ചു”-രാജ്ഭവൻ എക്‌സിൽ പോസ്റ്റിൽ അറിയിച്ചു.
സ്‌കൂൾ സർവീസ് റിക്രൂട്ട്‌മെന്‍റ് ജോലികൾ, റേഷൻ വിതരണ കുംഭകോണങ്ങൾ, പശുക്കടത്ത്, കൽക്കരി കൊള്ള തുടങ്ങിയ കേസുകളും ഇതിൽ ഉൾപ്പെടുന്നു. ഇത്തരം അഴിമതികൾ തെറ്റായ ഭരണത്തിന്‍റെ ഉത്തമ ഉദാഹരണമാണെന്നും രാജ് ഭവൻ എക്സിൽ പറഞ്ഞു.