കൊൽക്കത്ത: കോടികളുടെ റേഷൻ വിതരണ കുംഭകോണവുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ പശ്ചിമ ബംഗാൾ വനം മന്ത്രി ജ്യോതിപ്രിയ മല്ലിക് കോടതിയിൽ ബോധം കെട്ടുവീണു. കോടതിയിൽ ഹാജരാക്കുന്നതിനിടെ മന്ത്രി കുഴഞ്ഞവീഴുകയായിരുന്നെന്ന് ഉദ്യോഗസ്ഥൻ അറിയിച്ചു. മന്ത്രിയെ വിശ്രമിക്കാനായി ബാൽക്കണിയിലേക്ക് കൊണ്ടുപോയെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ബംഗാളിൽ കോടികളുടെ റേഷൻ വിതരണ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പശ്ചിമ ബംഗാൾ മന്ത്രി ജ്യോതിപ്രിയോ മല്ലിക്കിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വെള്ളിയാഴ്ചയാണ് അറസ്റ്റ് ചെയ്തത്.
18 മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്. പ്രമേഹ രോഗിയായ മല്ലിക്കിനെ സാൾട്ട് ലേക്ക് ഏരിയയിലെ വസതിയിൽ വച്ച് പുലർച്ചെ 3:30ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ആരോഗ്യനില മോശമായതിനെ തുടർന്ന് ജോക്കയിലെ ഇഎസ്ഐ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.മന്ത്രി അന്വേഷണവുമായി സഹകരിച്ചില്ലെന്ന് ഇഡി വ്യക്തമാക്കി. റേഷൻ വിതരണ ക്രമക്കേടുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ മന്ത്രിയുടെ പക്കലുണ്ടെന്ന് ഇഡി പറഞ്ഞു.
മല്ലിക്കിന്റെ വിശ്വസ്തരിൽ ഒരാളായ ബാകിബുർ റഹ്മാനെ നേരത്തെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, താൻ ഗൂഢാലോചനയുടെ ഇരയാണെന്ന് ജ്യോതിപ്രിയോ മല്ലിക് പറഞ്ഞു. തനിക്കും ടിഎംസിക്കുമെതിരെ ബിജെപി നേതാവ് സുവേന്ദു അധികാരി ഗൂഢാലോചന നടത്തിയെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ വർഷം മുൻ സംസ്ഥാന മന്ത്രി പാർത്ഥ ചാറ്റർജിയെ സ്കൂൾ ജോലി തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ഇഡി അറസ്റ്റ് ചെയ്തിരുന്നു. മല്ലിക്കിന്റെ ആരോഗ്യസ്ഥിതിയിൽ മുഖ്യമന്ത്രി മമത ബാനർജി ആശങ്ക പ്രകടിപ്പിച്ചു. അദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചാൽ പൊലീസിൽ പരാതി നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിജെപിയുടേത് പകപോക്കൽ രാഷ്ട്രീയമാണെന്ന് മമത ആരോപിച്ചു.