കൊൽക്കത്ത: ബംഗാൾ റേഷൻ അഴിമതിയിൽ നടപടി കടുപ്പിച്ച് ഇഡി. അറസ്റ്റിലായ ബംഗാൾ മന്ത്രി ജ്യോതിപ്രിയ മല്ലിക്കിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. മന്ത്രിയുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ഇഡി നീക്കം തുടങ്ങി. ഇന്നലെയാണ് റേഷൻ അഴിമതിയിൽ ജ്യോതിപ്രിയ മല്ലിക്കിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. നവംബർ 6 വരെ ഇഡി കസ്റ്റഡിയിൽ വിട്ടെങ്കിലും കോടതിയിൽ കുഴഞ്ഞു വീണ മല്ലിക്ക് നിലവിൽ കൊൽക്കത്ത അപ്പോളോ ആശുപത്രിയിൽ ചികിത്സയിലാണ്.
വനം സഹമന്ത്രിയായ ജ്യോതി പ്രിയ മല്ലിക് നേരത്തേ ഭക്ഷ്യ പൊതുവിതരണ മന്ത്രിയായിരിക്കെ അഴിമതി നടത്തിയെന്നാണു ആരോപണം. കോവിഡ് കാലത്ത് ഉൾപ്പെടെ പൊതുവിതരണ ശൃംഖലയിൽ നടന്നതു കോടികളുടെ തട്ടിപ്പ് എന്നും ഇതുവഴി കള്ളപ്പണം വെളുപ്പിച്ചു എന്നും ഇഡി ആരോപിക്കുന്നു.അസുഖബാധിതനായ മല്ലിക്കിന് എന്തെങ്കിലും സംഭവിച്ചാൽ കേന്ദ്ര ഏജൻസികൾക്കെതിരെ പോലീസ് നടപടിയെടുക്കുമെന്ന് നേരത്തേ മമത ബാനർജി മുന്നറിയിപ്പ് നൽകിയിരുന്നു.